start
കൊല്ലം വടയാറ്റുകോട്ടയിൽ വിൽപ്പനക്കായി ഒരുക്കിയ ക്രിസ്മസ് അലങ്കാരങ്ങൾ

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങൾ പേരിലൊതുങ്ങിയതോടെ നാടും നഗരവും ക്രിസ്മസ്, പുതുവത്സര ആഘോഷ ലഹരിയിലായി. ബീച്ചുൾപ്പെടെ സന്ദർശന കേന്ദ്രങ്ങളെല്ലാം തിരക്കിലമർന്നു. പകർച്ചവ്യാധി പകർന്ന ആഘാതം മൂലം കാശിന്റെ കാര്യത്തിൽ അല്പം ഞെരുക്കമുണ്ടെങ്കിലും വിപണിയിൽ തിരക്കിന് വലിയ കുറവില്ല.

ആഘോഷവസ്തുക്കളുടെ വില്പന മങ്ങിയെങ്കിലും പ്ലം കേക്കുകൾ വിപണി കീഴടക്കി. ചെറിയ കടകളിൽ മുതൽ സൂപ്പർ മാർക്കറ്റുകളിൽ വരെ പ്ലം കേക്കുകളുടെ വില്പന തകൃതിയാണ്. പലതരം കേക്കുകൾ വിപണിയിൽ എത്തിയെങ്കിലും പ്ലം കേക്കുകൾക്കായിരുന്നു ഡിമാൻഡ് കൂടുതൽ. പ്ലം വിത്ത് കോംപേസ്റ്റ്, ഫ്രൂട്ട് കേക്ക്, ചോക്കോനട്ട് തുടങ്ങിയവയ്‌ക്കായിരുന്നു ആവശ്യക്കാരേറെ. 70 രൂപ മുതലുള്ള പ്ലം കേക്കുകൾ വിപണിയിൽ ലഭ്യമാണ്. ഹോം മെയ്ഡ് കേക്കുകൾക്കൊപ്പം കുടുംബശ്രീയുടെ കേക്കുകളും വിപണിയിലുണ്ട്. പ്രമേഹമുള്ളവർക്കായി ഷുഗർഫ്രീ കേക്കുകളും ലഭ്യമാണ്. പുതുവർഷംവരെ നീളുന്ന വിപണി സാദ്ധ്യതയാണ് പ്ലം കേക്കുകൾക്കുള്ളത്.

# പിടിവിടാതെ ചൈന

ക്രിസ്മസ് വിപണിയിൽ ഇത്തവണയും വിറ്റഴിച്ച 75 ശതമാനത്തിലധികം സാധനങ്ങളും ചൈനീസ് ഉത്പന്നങ്ങളാണ്. പുൽക്കൂട് അലങ്കരിക്കാൻ ഉപയോഗിക്കുന്ന ബെൽ, ബാൾ, അലങ്കാര ലൈറ്റുകൾ എന്നിവയ്ക്ക് പുറമേ റെഡിമെയ്ഡ് വൈക്കോൽ വരെ ലഭ്യമായിരുന്നു. തടി, മുള എന്നിവകൊണ്ടുണ്ടാക്കിയ പുൽക്കൂടുകളും പല വലിപ്പത്തിൽ വിപണിയിലുണ്ട്. പുൽക്കൂട്ടിൽ നേരത്തെ ഉപയോഗിച്ചിരുന്നത് കളിമൺ രൂപങ്ങളായിരുന്നെങ്കിൽ ഇത്തവണ പ്ലാസ്റ്റർ, സെറാമിക്സ്, പ്ലാസ്റ്റിക് എന്നിവയിൽ നിർമ്മിച്ചവയും വാങ്ങാൻകിട്ടി. ഇവയുടെ തെരുവ് വിപണിയും സജീവമായിരുന്നു.

# നക്ഷത്രത്തിളക്കം

വർണ്ണക്കടലാസുകൾ കൊണ്ട് നിർമ്മിച്ച നക്ഷത്രങ്ങളേക്കാൾ ഇത്തവണ വിറ്റുപോയത് എൽ.ഇ.ഡി ലൈറ്റുകൾ കൊണ്ടുള്ള നക്ഷത്രങ്ങളാണ്. കൂടുതൽ കാലം ഈടുനിൽക്കുമെന്നതിനാലാണ് ഇവ കൂടുതലായി വിറ്റുപോയത്. സംസ്ഥാനത്തിനകത്തും പുറത്തും വിപണിയിൽ പേപ്പർ നക്ഷത്രങ്ങളെത്തിക്കുന്നത് കൊല്ലത്തു നിന്നാണ്. ഒക്ടോബർ മുതൽ നല്ല രീതിയിൽ ഓർഡറുകൾ ലഭിച്ചെങ്കിലും വിപണിയിൽ കാര്യമായ വിൽപനയുണ്ടായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. പേപ്പർ നക്ഷത്രങ്ങൾക്ക് 80 മുതൽ 700 വരെയാണ് വില. എൽ.ഇ.ഡി നക്ഷത്രങ്ങൾക്കാകട്ടെ 200 മുതൽ 500 വരെയും. സാധാരണയായി ആഘോഷങ്ങളിൽ ക്രിസ്‌മസ്‌ ട്രീ, അലങ്കാരവസ്തുക്കൾ, ബലൂണുകൾ, കളർ പൊടികൾ എന്നിവ കൂടുതലായി ഉപയോഗിക്കുമായിരുന്നു. ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് രാത്രിയിലും തുടർന്നുള്ള ദിവസങ്ങളിലും നടക്കുന്ന തിരുനാൾ ആഘോഷങ്ങളിലാണ് ഇനി പ്രതീക്ഷയുള്ളത്.