t
പഴയ മുനിസിപ്പൽ ഓഫീസ് കെട്ടിടം

നഗരസഭ ഡി.പി.ആർ തയ്യാറാക്കൽ ആരംഭിച്ചു

കൊല്ലം: ചിന്നക്കട റെയിൽവേ ഓവർബ്രിഡ്ജിന് താഴെയുള്ള, ഒരുനൂറ്റാണ്ടോളം പഴക്കമുള്ള പഴയ മുനിസിപ്പൽ ഓഫീസ് വൈകാതെ പൈതൃക മ്യൂസിയമാകും. വിവിധ കൺസൾട്ടൻസികൾ തയ്യാറാക്കിയ മ്യൂസിയത്തിന്റെ രൂപരേഖകളുടെ സൂക്ഷ്മ പരിശോധന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

കൊല്ലത്തിന്റെ ചരിത്രത്തിനാകും മ്യൂസിയത്തിൽ പ്രധാന്യം. കൊല്ലത്ത് നടന്നിട്ടുള്ള സ്വാതന്ത്ര്യ സമരങ്ങൾ, നവോത്ഥാന മുന്നേറ്റങ്ങൾ എന്നിവയുടെ ചരിത്രം വ്യക്തമാക്കുന്ന ലഘുലേഖകൾ, അടയാളങ്ങൾ, ചിത്രങ്ങൾ, പെയിന്റിംഗുകൾ തുടങ്ങിയവയും പ്രദർശനത്തിനുണ്ടാകും. പുറമേ കൊല്ലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇവയെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും. കൊല്ലത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന സാഹിത്യകൃതികളടങ്ങിയ ചെറു ലൈബ്രറി, മിനി ഹാൾ എന്നിവയും നഗരസഭ ലക്ഷ്യമിടുന്നുണ്ട്.

രാജഭരണകാലത്ത് നിർമ്മിച്ച ഈ കെട്ടിടം 1932ൽ സി.പി. രാമസ്വാമി അയ്യരാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് മുനിസിപ്പിൽ ഓഫീസ് ഇവിടെ പ്രവർത്തനമാരംഭിച്ചു. നഗരസഭ കൊല്ലം എ.ആർ ക്യാമ്പിന് സമീപത്തെ പുതിയ കാര്യാലയത്തിലേക്ക് മാറിയതോടെ കെട്ടിടം വിവിധ വകുപ്പുകൾക്ക് വാടകയ്ക്ക് നൽകി. ഇപ്പോൾ ലോക്കൽ ഫണ്ട് ജില്ലാ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്. ലോക്കൽ ഫണ്ട് ഓഫീസ് നിർമ്മാണത്തിന് സ്വന്തമായി സ്ഥലം റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 ഉടക്കി​ട്ട് റെയി​ൽവേ

പഴയ മുനിസിപ്പൽ ഓഫീസ് സ്ഥിതി ചെയ്യുന്ന ഭൂമി റെയിൽവേ പുറമ്പോക്കാണെന്ന വാദവുമായി റെയിൽവേ രംഗത്തുണ്ട്. കെട്ടിടം നിലനിൽക്കുന്ന 35 സെന്റ് സ്ഥലം തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ നേരത്തെ കോർപ്പറേഷന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ആദ്യം ഇവിടേക്കുള്ള വഴി കമ്പികൾ സ്ഥാപിച്ച് റെയിൽവേ അടച്ചു. മണിക്കൂറുകൾക്കകം മേയറുടെ നേതൃത്വത്തിലുള്ള സംഘമെത്തി കമ്പികൾ പൊളിച്ചുമാറ്റിയിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ജില്ല ഭരണകൂടത്തിന്റെ മദ്ധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

പഴയ മുനിസിപ്പൽ ഓഫീസ് പൈതൃക മ്യൂസിയമാക്കാൻ നാല് ഡി.പി.ആർ ലഭിച്ചു. അവ പരിശോധിച്ച് വരികയാണ്. ഇനിയും ചില ഏജൻസികളിൽ നിന്ന് ലഭിക്കാനുണ്ട്

ഉദയകുമാർ, നഗരസഭ മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ