കൊല്ലം: കെ-റെയിൽ പദ്ധതി ആരുടെയോ നിക്ഷിപ്ത താത്‌പര്യം സംരക്ഷിക്കാനുള്ളതും നിഗൂഢത നിറഞ്ഞതുമാണെന്ന് കെ റെയിൽ വിരുദ്ധ സമരസമിതി പത്രസമ്മേളനത്തിൽ ആരോപിച്ചു. വിശദ പദ്ധതി രേഖയോ നോട്ടിഫിക്കേഷനോ പ്രസിദ്ധീകരിക്കാതെ നേരിട്ട് സ്ഥലം ഏറ്റെടുക്കൽ നടപടി സ്വീകരിച്ചത് കേരള സർവേ ബൗണ്ടറീസ് ആക്ട് ആൻഡ് റൂളിന്റെ ലംഘനമാണ്. നിലവിലുള്ള റെയിൽപാതയിലൂടെ കാര്യക്ഷമമായി സർവീസുകൾ നടത്താൻ കഴിയുമെന്നിരിക്കെ അതിനായി സമ്മർദ്ദം ചെലുത്താതെ സർക്കാർ സ്ഥലമേറ്റെടുപ്പുമായി മുന്നോട്ട് പോകുകയാണ്. പദ്ധതി ഗുണഭോക്താക്കളേക്കാൾ കൂടുതൽ ഇരകളെ മാത്രമായിരിക്കും സൃഷ്ടിക്കുക. 20 വർഷം മുൻപ് ശബരി പാതയ്ക്കായി സ്ഥലമേറ്റെടുക്കൽ നടത്തിയിട്ട് നഷ്ടപരിഹാരം നൽകാനോ പദ്ധതി ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല. അവിടെയുള്ളവർക്ക് വസ്തു വിൽക്കാനോ പണയം വയ്ക്കാനോ കഴിയാത്ത അവസ്ഥയാണുള്ളതെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, സമിതി പ്രവർത്തകരായ എ. ജെയിംസ്, രാമനുജൻ തമ്പി, ഷൈല കെ. ജോൺ, പി.പി. പ്രശാന്ത് കുമാർ, ബി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.