 
 സന്ദർശകരുടെ തിരക്ക് വർദ്ധിക്കുന്നു
ഓച്ചിറ: കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെ അഴീക്കൽ ബീച്ചിൽ സന്ദർശകരുടെ തിരക്കേറി. ക്രിസ്മസ് അവധി ആരംഭിച്ചതോടെ നൂറുകണക്കിന് പേരാണ് ദിനംപ്രതി ബീച്ചിലെത്തുന്നത്. സന്ദർശകരെ നിയന്ത്രിക്കാൻ ലൈഫ് ഗാർഡുകളും പൊലീസും നന്നേ പാടുപെടുകയാണ്. അഴീക്കൽ - വലിയഴീക്കൽ പാലം സഞ്ചാര യോഗ്യമാകുന്നതോടെ കൂടുതൽ സന്ദർശകർ ബീച്ചിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇവിടെ പൊലീസ് ഔട്ട്പോസ്റ്റ്, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ആംബുലൻസ് സൗകര്യം എന്നിവ വേണമെന്ന ആവശ്യം ശക്തമാണ്. പാലം ഈ മാസം തുറന്നു നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലം സന്ദർശന വേളയിൽ അറിയിച്ചിരുന്നു.
കുടുംബസമേതം ബീച്ചിലെത്തുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലുമില്ലെന്ന ആക്ഷേപം ശക്തമാണ്. പൊലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. ബീച്ചിൽ സ്ഥാപിച്ച ഒാഡിറ്റോറിയവും നടപ്പാതകളും ഇപ്പോൾ നാശാവസ്ഥയിലാണ്. കഴിഞ്ഞ കടലാക്രമണത്തിൽ ബീച്ചിന്റെ ഭൂരിഭാഗം സ്ഥലവും കടലെടുത്തിരുന്നു.
മനോഹര കാഴ്ചകൾ
വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ളതെല്ലാം അഴീക്കൽ ബീച്ചിലുണ്ട്. കായംകുളം പൊഴിയുടെ ഇരുവശങ്ങളിലും പുലിമുട്ടുകൾ സ്ഥാപിച്ചപ്പോൾ സ്വാഭാവികമായുണ്ടായതാണ് ബീച്ച്. കടലിലേക്ക് തള്ളിനിൽക്കുന്ന പുലിമുട്ടുകളിൽ കൂടി ഏറെ ദൂരം നടന്ന് സമുദ്രഭംഗി ആസ്വദിക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ചിലദിവസങ്ങളിൽ ഡോൾഫിൻ ഉൾപ്പെടെ വലിയ മത്സ്യങ്ങൾ പുലിമുട്ടിന്റെ അറ്റത്ത് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം മനോഹര കാഴ്ചകൾ ആസ്വദിക്കാനായാണ് സന്ദർശകർ കൂടുതലായെത്തുന്നത്. എന്നാൽ ബീച്ച് വേണ്ടവിധത്തിൽ സംരക്ഷിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കുളിക്കാനിറങ്ങുന്നവർ സൂക്ഷിക്കണം
കടലിൽ കുളിക്കാനിറങ്ങുന്നവർ മിക്കപ്പോഴും അപകടത്തിൽപ്പെടാറുണ്ട്. ഇവർക്ക് സുരക്ഷയൊരുക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ രണ്ട് ലൈഫ്ഗാർഡുകളെ നിയമിച്ചിട്ടുണ്ടെങ്കിലും മതിയായ ശമ്പളം ലഭിക്കാത്തതിനാൽ മുഴുവൻ സമയവും ഇവർ ഇവിടെ ഉണ്ടാകാറില്ല. ലൈഫ് ഗാർഡുകളുടെ നിർദ്ദേശം അവഗണിച്ച് ആളുകൾ കടലിൽ ഇറങ്ങുന്നതിന് പരിഹാരം കാണാനും അധികൃതർ ശ്രമിക്കുന്നില്ല.
ടൂറിസ്റ്റ് ഗ്രാമമാക്കാം
ബീച്ച്, ഫിഷിംഗ് ഹാർബർ, തൂക്കുപാലം, അമൃതാനന്ദമയി മഠം, സുനാമി സ്മാരകം എന്നിവയെ കോർത്തിണക്കി അഴീക്കലിനെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാൻ കഴിയും.