raber-
വന്മളയിൽ റബർ പുകപ്പുരയ്ക്ക് തീ പിടിച്ചത് ഫയർഫോഴ്‌സ് അണയ്ക്കുന്നു

പുനലൂർ: വന്മളയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ച് ഏകദേശം 6 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. വന്മള സ്വദേശി സുന്ദർലാൽ സുന്ദരത്തിന്റെ ഉടമസ്ഥതയിലുള്ള കോയിത്തറ എസ്റ്റേറ്റിലെ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റാണ് തീ അണച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. നസീർ, അസി. സ്റ്റേഷൻ ഓഫീസർ ( ഗ്രേഡ് ) എ. സാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനു, ശ്രീകുമാർ, അനിൽകുമാർ, കൃഷ്ണരാജ്, അരുൺ, നിശാന്ത് കുമാർ, സുജീഷ്, അഖിൽ, മനോജ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പുകയ്ക്കുന്ന ഭാഗത്തേക്ക് റബർ ഷീറ്റ് വീണതാകും തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.