ഓയൂർ: ചടയമംഗലം ഡിപ്പോയിൽ നിന്ന് അമ്പലംകുന്ന്, വാപ്പാല വഴി ഓടനാവട്ടത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. സ്കൂളുകൾ തുറന്നതോടെ കുട്ടികളെ സ്കൂളിലെത്തിക്കുവാൻ രക്ഷിതാക്കൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമായി കുട്ടികളെ സ്കൂളിലെത്തിച്ച ശേഷമാണ് രക്ഷിതാക്കൾ ജോലിക്ക് പോകുന്നത്. മുൻ എം.എൽ.എ മുല്ലക്കര രത്നാകരൻ പ്രത്യേക താത്പര്യമെടുത്ത് ആരംഭിച്ച സർവീസാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തലാക്കിയത്. എത്രയും വേഗം സർവീസ് പുനരാരംഭിച്ച് നാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.