കൊല്ലം: കട ഉടമയെ കത്തിമുനയിൽ നിറുത്തി പട്ടാപ്പകൽ ജ്യുവലറിയിൽ കവർച്ച നടത്തി. മൂന്നാംകുറ്റിയിലെ തനിമ ജൂവലറിയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം.
കറുത്ത ജാക്കറ്റും നീല ജീൻസും കറുത്ത ഗ്ലാസുള്ള ഹെൽമെറ്റും ധരിച്ചൊരാൾ പെട്ടെന്ന് ജ്യുവലറിയിലേക്ക് കയറിവന്നു. ജാക്കറ്റിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് കട ഉടമയ്ക്ക് നേരെ ചൂണ്ടി പണം ആവശ്യപ്പെട്ടു. ഉടമ വിസമ്മതിച്ചതോടെ റാക്കിൽ നിന്നു നാലു പവന്റെ മാലയെടുത്ത് ഓടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കവർച്ച നടത്തിയ ആൾ കുറച്ച് ദൂരം ഓടുകയും ബൈക്കിൽ കാത്തുനിന്ന രണ്ട് പേർക്ക് സമീപം എത്തിയ ശേഷം ഒരുമിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ജ്യുവലറിയെക്കുറിച്ച് നേരത്തെ മനസിലാക്കിയാളാണ് കവർച്ചയ്ക്ക് പിന്നിൽ. ഉച്ചസമയത്ത് ഒന്നലധികം ആളുകളുണ്ടാകില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഈ സമയം കവർച്ചയ്ക്കായി നിശ്ചയിച്ചതെന്നും പൊലീസ് പറയുന്നു. പ്രതിയുടെ വിരലടയാളം പൊലീസിന് ലഭിച്ചിട്ടുണ്ട്.