ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ റേഷൻ ഗോഡൗൺ ശാസ്താംകോട്ട രാജഗിരിയിലേക്ക് മാറ്റാനുള്ള ശ്രമം തൊഴിലാളികൾ തടഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം.
കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലെ റേഷൻ കടകളിലേക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ശൂരനാട്ടുള്ള സ്വകാര്യ ഗോഡൗണിൽ ആയിരുന്നു. ഗോഡൗണിന്റെ വിസ്തീർണ്ണം പെരുപ്പിച്ച് കാട്ടി കൂടുതൽ വാടക ഈടാക്കുന്നതായുള്ള പരാതിയുടെയും കഴിഞ്ഞ മഴക്കാലത്ത് ഗോഡൗണിലെ സാധനങ്ങളിൽ വെള്ളം കയറിയതിന്റെയും അടിസ്ഥാനത്തിൽ റേഷൻ ഡിപ്പോ കരുനാഗപ്പള്ളിയിലേക്ക് മാറ്റാൻ സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു. എന്നാൽ ഡിപ്പോ മാറ്റുന്നതിനെതിരെ തൊഴിലാളികൾ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിതല ചർച്ചയിൽ ശസ്താംകോട്ട രാജഗിരിയിൽ പണി നടന്നു കൊണ്ടിരിക്കുന്ന ഗോഡൗൺ പൂർത്തീകരിക്കുന്നതു വരെ പോരുവഴി പരവട്ടത്തും ശൂരനാടും സാധനങ്ങൾ ഇറക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പോരുവഴിയിൽ സാധനങ്ങൾ ഇറക്കിയിരുന്നു. എന്നാൽ പിന്നീട് ഇവിടുത്തെ തൊഴിലാളികൾ അറിയാതെ ഏതാനും ലോഡ് സാധനം രാജഗിരിയിൽ ഇറക്കാനുള്ള ശ്രമമാണ് തടഞ്ഞത്. ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം ചെലുത്തി എ.ഐ.ടി.യു.സി യൂണിയനാണ് രാജഗിരിയിൽ സാധനം ഇറക്കാൻ ശ്രമിച്ചതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ചെറിയ സംഘർഷ സാദ്ധ്യത ഉള്ളതിനാൽ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. രാത്രി വൈകിയും ചർച്ച നടക്കുകയാണ്.