കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ വിചാരണ 29ന് പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിക്കും. ആദ്യദിവസം കേസിന്റെ കുറ്റപത്രം പ്രതികൾക്ക് കൈമാറും.
കേസിൽ ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് കരാറുകാരും ഉൾപ്പടെ 59 പ്രതികളുണ്ട്. ഏഴ് പ്രതികൾ ഇതിനിടെ മരിച്ചു. ബാക്കി 52 പേർ 29ന് കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്. 10,000 പേജുള്ളതാണ് കുറ്റപത്രം. ഇതിന്റെ പകർപ്പ് പെൻഡ്രൈവിലാക്കിയാകും പ്രതികൾക്ക് നൽകുക. കുറ്റപത്രത്തിന്റെ സംക്ഷിപ്ത രൂപം പേപ്പറിലും നൽകും. അന്വേഷണസംഘത്തലവനായ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്.പി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. പാരിപ്പള്ളി ആർ. രവീന്ദ്രനാണ് കേസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടർ. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി അനുവദിച്ചിട്ടുണ്ട്. ചിന്നക്കട മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലാകും സ്പെഷ്യൽ കോടതി തുടങ്ങുക. ഇതിനായി ജഡ്ജി ഉൾപ്പടെ 18 ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. കുറ്റപത്രം കൈമാറിയ ശേഷം കേസ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റും. സ്പെഷ്യൽ കോടതി ആരംഭിച്ച ശേഷമേ തുടർനടപടികളുണ്ടാകു.
2016 ഏപ്രിൽ 10 ന് പുലർച്ചെ 3.15 ഓടെയായിരുന്നു ദുരന്തം. 110 പേർക്ക് ജീവൻ നഷ്ടമായി. 750 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പൊലീസുകാർ, ഫോറൻസിക് ഉദ്യോഗസ്ഥർ, മരിച്ചവരുടെ ബന്ധുക്കൾ, പരിക്കേറ്റവർ, സംഭവം കണ്ടർ എന്നിവരടക്കം 1856 സാക്ഷിക
ളുണ്ട്.