 
കൊല്ലം: വിപ്ളവവും ചരിത്രവും ഇഴയിട്ടുചേരുന്ന കോട്ടാത്തലയിൽ വികസനവഴികൾ തെളിയാത്തതിനാൽ ഉണ്ടായിരുന്ന നേട്ടങ്ങൾ പോലും നാമാവശേഷമാവുന്നു. കോട്ടാത്തലയെന്ന പ്രദേശം കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുകയാണെങ്കിലും പ്രധാന കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന തണ്ണീർപന്തൽ ജംഗ്ഷനാണ് വികസനത്തിനായി കേഴുന്ന പ്രധാനകവല. നൂറ്റാണ്ട് പിന്നിട്ട ഗവ. എൽ.പി സ്കൂളാണ് ഇവിടുത്തെ ഏകവിദ്യാലയം. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടിയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. പഴയകെട്ടിടം ജീർണാവസ്ഥയിലാണ്. മന്ത്രി കെ.എൻ. ബാലഗോപാൽ ഒരുകോടി രൂപയുടെ വികസനപദ്ധതി ഇവിടെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതുമാത്രമാണ് ഏകപ്രതീക്ഷ.
ജംഗ്ഷനിൽ പുത്തൂർ ഭാഗത്തേക്ക് പോകാനുള്ളവർക്ക് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതാണ് മറ്റൊരും പ്രശ്നം. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലും കാലാനുസൃത വികസനമെത്തിയില്ല. കാർഷിക മേഖലയെ ഉണർത്താനുള്ള പദ്ധതികൾ നടപ്പാക്കുന്നുമില്ല. റോഡുകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞു. കുടിവെള്ള ക്ഷാമം, തെരുവ് വിളക്കുകളുടെ കുറവ്, യാത്രാ ദുരിതം എന്നിവയുൾപ്പടെ നാട് പരാതികളുടെ നടുവിലാണ്.
പേരിനുവേണ്ടിയൊരു വായനശാല
പതിറ്റാണ്ടുകൾക്ക് മുൻപ് ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലകളിലൊന്നായിരുന്നു കോട്ടാത്തല ജനതാ വായനശാല. പഴയകെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാൻ നിയമക്കുരുക്കുകൾ അനുവദിച്ചില്ല. പൊതുകാര്യത്തിനായി പരിഹരിക്കാൻ കഴിയാത്ത നിയമക്കുരുക്കുണ്ടോയെന്ന നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാറുമില്ല. ഏറ്റവും ശോചനീയ സ്ഥിതിയിലേക്ക് ഇവിടം മാറി.
തേവർ ചിറ നാശത്തിൽ
നൂറ്റാണ്ടുകളുടെ ശേഷിപ്പായ കോട്ടാത്തല തേവർചിറ സംരക്ഷിക്കണമെന്നത് ഏറെനാളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ്. ഇടയ്ക്ക് ലക്ഷങ്ങൾ ചെലവഴിച്ച് സംരക്ഷണഭിത്തികൾ കെട്ടിയുള്ള ചില്ലറ നവീകരണം നടത്തിയിരുന്നു. എന്നാൽ ചിറ കുറ്റിക്കാടുകളാൽ മൂടപ്പെട്ട് വെള്ളമില്ലാതെ നശിക്കുകയാണ്. ഒരേക്കർ പതിനാറ് സെന്റ് വിസ്തൃതിയുള്ളതാണ് ചരിത്രമുറങ്ങുന്ന ചിറ. രാജഭരണകാലത്ത് കൊട്ടാരക്കര ഇളയടത്ത് സ്വരൂപം ഈ ചിറയിൽ മുങ്ങിക്കുളിച്ച ശേഷമാണ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തിയിരുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ കുളിപ്പുരകളും കൽപ്പടവുകളുമൊക്കെയുണ്ടായിരുന്നു. പ്രസിദ്ധമായ കടലാമന മഠം വകയായിരുന്നു ക്ഷേത്രവും ചിറയും. മഠത്തിലെ കാരണവരായിരുന്ന നമ്പൂതിരി ശ്രീകൃഷ്ണ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനും ചിറ സർക്കാരിനും എഴുതി നൽകുകയായിരുന്നു.
ചന്ത പോയിട്ട് കാലമേറെ
കോട്ടാത്തല ജംഗ്ഷന് സമീപത്തുള്ള ചന്ത പ്രവർത്തനം നിറുത്തിയിട്ട് കാലങ്ങളേറെയായി. പരിസര പ്രദേശങ്ങളിലുള്ളവർ മത്സ്യവും പച്ചക്കറികളും വാങ്ങാൻ എത്തിയിരുന്ന ചന്തയുടെ സ്ഥാനത്ത് ഇപ്പോൾ വീടുകളായി. ചന്ത എന്നന്നേക്കുമായി മറഞ്ഞു. പഞ്ചായത്ത് മുൻകൈയെടുത്ത് ചന്ത മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല.
കൽമണ്ഡപം തകർച്ചയിൽ
ജനത വായനശാലയുടെ അങ്കണത്തിൽ നൂറ്റാണ്ടുകളുടെ ശേഷിപ്പായി നിലകൊള്ളുന്ന കൽമണ്ഡപം തകർച്ചയിലായിട്ടും അധികൃതർ ഗൗരവത്തിലെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇവിടെയുണ്ടായിരുന്ന കൂറ്റൻ ആൽമരം വീണാണ് മണ്ഡപത്തിന്റെ ഓടുകൾ പൊട്ടിയത്. ഇപ്പോൾ മഴവെള്ളം വീണ് കഴുക്കോലുകളടക്കം ദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്. ആൽമരത്തിന്റെ തണലും നഷ്ടമായി. മണ്ഡപം സംരക്ഷിക്കുന്ന കാര്യത്തിൽ ഇനിയും നടപടികളുണ്ടാകുന്നില്ല.
ആരോഗ്യ കേന്ദ്രം ശോച്യാവസ്ഥയിൽ
മൈലം ഗ്രാമ പഞ്ചായത്തിന്റെ പ്രാഥമികാരോഗ്യകേന്ദ്രം കോട്ടാത്തലയിലാണ്. ഇവിടേക്ക് എത്തിപ്പെടാൻപോലും ബുദ്ധിമുട്ടാണ്. പാറപ്പുറത്തെ ആരോഗ്യകേന്ദ്രത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗിന് ഇടമില്ല. വേണ്ടത്ര കെട്ടിട സംവിധാനങ്ങളില്ലാത്തതിനാൽ ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റുകയാണ്. നിത്യേനെ നൂറുകണക്കിന് രോഗികൾ എത്താറുണ്ട്. എന്നാൽ മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങളൊരുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.