 
കൊല്ലം. സിംഗപ്പൂർ രജിസ്ട്രേഷനുളള 'ഓഷ്യൻ ജൂപ്പിറ്റർ' കപ്പൽ അടിയന്തര അറ്റകുറ്റപ്പണികൾക്കായി കൊല്ലം തീരത്ത് നങ്കൂരമിട്ടു. ഇന്നലെ രാവിലെ 10ഓടെയാണ് തുറമുഖത്തു നിന്ന് മൂന്നു നോട്ടിക്കൽ മൈൽ അകലെ കപ്പൽ തീരം തൊട്ടത്.
എൻജിൻ റൂമിലെ സീ വാട്ടർ പൈപ്പ് ലൈനിലാണ് തകരാർ കണ്ടത്. കൊച്ചിയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പട്ടത്. തുടർന്ന് കൊല്ലം തീരത്ത് അടുപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് ഏജൻസിയെ വിവരം അറിയിക്കുകയും അവർ എമിഗ്രേഷൻ അടക്കം തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കപ്പൽ തീരത്ത് അടുത്തതോടെ എമിഗ്രേഷൻ ഉദ്യോഗസ്ഥരും ഏജൻസി പ്രതിനിധികളും ടെക്നീഷ്യൻമാരും ഉൾപ്പെടെയുള്ളവർ കപ്പലിലെത്തി പരിശോധനകൾ നടത്തി. ബാർജിന്റെ ശേഷിക്കുറവ് കാരണം കപ്പൽ തുറമുഖത്തേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. കപ്പലിൽ നിന്ന് അഴിച്ചെടുത്ത പൈപ്പ് കൊല്ലത്തെത്തിച്ച് കൊച്ചിയിലേക്ക് അയയ്ക്കുകയായിരുന്നു. തകരാർ പരിഹരിക്കാൻ 6 ദിവസമെടുക്കും. 7 രാജ്യങ്ങളിൽ നിന്നുളള 20 ജീവനക്കാർ കപ്പലിൽ ഉണ്ട്, റഷ്യ, ഉക്രെയിൻ, ബൾഗേറിയ, ഖസാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ജോർജിയ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവരാണ് കപ്പൽ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും.
......................................
 കപ്പലിന്റെ നീളം: 81.49 മീറ്റർ
 വീതി: 32.21 മീറ്റർ
 പോർട്ടിനു കിട്ടുന്ന പ്രതിദിന വരുമാനം: 40,000 രൂപ.