തഴവ: കരുനാഗപ്പളളി - കുന്നത്തൂർ സംയോജിത കുടിവെള്ള പദ്ധതിയ്ക്കായി കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ആദ്യ വിഹിതം നൽകിയതായി സെക്രട്ടറി സി. ജനചന്ദ്രൻ അറിയിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളിലും കരുനാഗപ്പള്ളി താലൂക്കിലെ കുലശേഖരപുരം, തഴവ, തൊടിയൂർ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതിയ്ക്ക് ജലജീവൻ മിഷൻ 307 കോടി രൂപയും നബാർഡ് 60 കോടി രൂപയുമാണ് അനുവദിച്ചത്. പദ്ധതിയനുസരിച്ച് കല്ലടയാറ്റിന് സമീപം ഞാങ്കടവിൽ കിണറും, അമ്പുവിളയിൽ ശുദ്ധീകരണ പ്ലാന്റുമാണ് സ്ഥാപിക്കുന്നത്. ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങുന്നതിനായാണ് ഗുണഭോക്താക്കളായ പഞ്ചായത്തുകൾ പദ്ധതി വിഹിതം നൽകുന്നത്.