 
കൊല്ലം : പ്രാക്കുളം എൻ.എസ്.എസ്.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി മുഹ്സിന അദ്ധ്യാപികയോട് ആവശ്യപ്പെട്ടത് ബുക്കും യൂണിഫോമും മഴയത്ത് നനയാതെ വയ്ക്കാൻ ഒരു അടച്ചുറപ്പുള്ള മുറി.
എന്നാൽ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കൃഷ്ണകുമാറിന്റെ ഇടപെടലിലൂടെ
കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹസേനയുടെ നേതൃത്വത്തിൽ അവർക്ക് ലഭിച്ചത് ഒരു വീടാണ്. ഏഴുലക്ഷത്തോളം രൂപ ചെലവ് വരുന്ന 578 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടിന്റെ ശിലയിടൽ കഴിഞ്ഞ ദിവസം നടന്നു.
മുഹ്സിനയുടെ പിതാവ് ചെറുപ്പത്തിലേ മരിച്ചു. വൃദ്ധരായ മുത്തച്ഛനും മുത്തശ്ശിക്കും അമ്മയ്ക്കൊപ്പമാണ് മുഹ്സിന താമസിക്കുന്നത്. രണ്ടരസെന്റിൽ ചോർന്നൊലിക്കുന്ന ഒരു വീടായിരുന്നു അവൾക്കുള്ളത്. ഒരു പുതിയ വീടിനായി അവളെല്ലാ വാതിലുകളിലും മുട്ടി. മുഖ്യമന്ത്രിക്ക് വരെ ഇ.മെയിൽ സന്ദേശം അയച്ചു. സ്ഥലത്തെ പഞ്ചായത്തുമായി ബന്ധപ്പെടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ പറഞ്ഞത്.
പഞ്ചായത്തിൽ നിന്ന് വീട് ലഭിക്കില്ലെന്ന് തിരിച്ചറി സങ്കടത്തിലാണ് മുഹ്സിന അദ്ധ്യാപികയെ ഇക്കാര്യം അറിയിച്ചത്. അങ്ങനെ ഒരു പ്രവാസി സുഹൃത്തിന്റെ സഹായത്തിൽ ഡോ. അനിൽ മുഹമ്മദിലൂടെ വീട് ലഭിച്ചു.
കരുവായിൽ നിർമ്മിക്കുന്ന വീടിന്റെ കല്ലിടീൽ സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ ചെയർമാൻ അഡ്വ. എം.ഇബ്രാഹിം കുട്ടി നിർവഹിച്ചു. കൈതവനത്തറ ശങ്കരൻകുട്ടി, ജി.വി.ഉണ്ണിത്താൻ, പ്രിൻസിപ്പൽ രാധാകൃഷ്‌ണൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കൃഷ്ണകുമാർ, ജമാഅത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.