
# പദ്ധതികൾ ജില്ലയ്ക്ക് പ്രയോജനപ്പെുന്നില്ല
കൊല്ലം: അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും തമ്മിലുള്ള യുദ്ധത്തിനിടെ, അർഹമായ പരിഗണന ലഭിക്കാത്ത വിഭാഗമാവുകയാണ് സിദ്ധ വൈദ്യം. ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നിരവധി പദ്ധതികൾ സിദ്ധയിലൂടെ നടപ്പാക്കുന്നുണ്ട്. പക്ഷേ, പൂർണമായ പ്രയോജനം ജില്ലയിൽ ഇതുവരെയും ലഭ്യമായിട്ടില്ല. ജില്ലയിൽ സർക്കാർ മേഖലയിൽ തേവലക്കരയിൽ മാത്രമാണ് സിദ്ധ ചികിത്സാകേന്ദ്രമുള്ളത്. ഇവിടെയാവട്ടെ കിടത്തി ചികിത്സയില്ല.
സമീപ ജില്ലകളിൽ നിന്നുപോലും രോഗികൾ എത്തുന്നുണ്ടെങ്കിലും സ്ഥാപനത്തിന്റെ പശ്ചാത്തല സൗകര്യം വികസിപ്പിക്കാൻ അധികൃതർ മെനക്കെടാത്തതിന്റെ കാരണം വ്യക്തമല്ല. മികച്ച സൗകര്യങ്ങളുള്ള സിദ്ധ ചികിത്സാ കേന്ദ്രം ജില്ലയിൽ ആരംഭിക്കണമെന്ന് വർഷങ്ങളായി ആവശ്യമുണ്ടെങ്കിലും നടപടി ഉണ്ടാവുന്നില്ല. സിദ്ധ വൈദ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ചികിത്സാ പദ്ധതിയായ 'മകളിർ ജ്യോതി' സംസ്ഥാനത്തെ ആറ് യൂണിറ്റുകളിൽ വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും ഇത് വ്യാപിപ്പിക്കുന്നതിന്റെ പ്രാധാന്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും കഴിഞ്ഞ ദിവസം മന്ത്റി വീണാജോർജ്ജ് പറഞ്ഞിരുന്നു. മികച്ച പശ്ചാത്തല സൗകര്യങ്ങളൊരുക്കി സിദ്ധ ചികിത്സ വ്യാപിപ്പിക്കണമെന്നാണ് ആവശ്യം.
# 'മകളിർ ജ്യോതി'
സ്ത്രീകൾക്കും കുട്ടികൾക്കുമുണ്ടാകുന്ന വിളർച്ച, പോഷകാഹാരക്കുറവ്, ശാരീരിക മാനസിക സമ്മർദ്ദം എന്നിവ കണ്ടെത്തി പരിഹരിക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് മകളിർ ജ്യോതി. 10 മുതൽ 19 വരെ പ്രായമുള്ള പെൺകുട്ടികൾക്കായി 'കന്യാജ്യോതി' എന്നപേരിൽ 2018 ൽ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇത് വിപുലീകരിച്ചാണ് മകളിർ ജ്യോതി പദ്ധതിയാക്കിയത്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച, രക്തക്കുറവ് എന്നിവയ്ക്കുള്ള ചികിത്സയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അനാരോഗ്യകരമായ ആഹാര രീതി, ജീവിതശൈലി എന്നിവയാണ് കാരണം. 15നും 49നുമിടയിലുള്ള സ്ത്രീകളിൽ 53 ശതമാനം പേരും വിളർച്ച ബാധിച്ചവരാണ്. 6 മുതൽ 59 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കണക്കുകളും സമാനമാണ്.
# സിദ്ധചികിത്സ കേരളത്തിൽ
തിരുവനന്തപുരം വള്ളക്കടവിൽ സിദ്ധ ആശുപത്രി
ഡിസ്പെൻസറികൾ: 08
സിദ്ധ ലഭ്യമാകുന്ന ജില്ലാ ആയുർവേദ ആശുപത്രികൾ: 08
സർക്കാർ സിദ്ധ സ്ഥാപനങ്ങൾ: 29
മകളിർ ജ്യോതി നടപ്പാക്കിയ യൂണിറ്റുകൾ: 06
സിദ്ധയിൽ കൊവിഡ് ചികിത്സ ലഭിച്ചവർ: 2.5 ലക്ഷം
ജില്ലയിലെ ഡിസ്‍പെൻസറി: തേവലക്കരയിൽ
# സിദ്ധവൈദ്യം
പൗരാണിക ഭാരതീയ ആതുരചികിത്സാ സമ്പ്രദായമാണ് സിദ്ധവൈദ്യം. ഇത് ആയുർവേദത്തേക്കാൾ പഴക്കമുള്ളതാണെന്നും, അല്ലെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. മഹാമുനി അഗസ്ത്യരുടെ ശിക്ഷണത്തിൽ മൈനാക പർവ്വതത്തിൽ വച്ചാണ് സിദ്ധവൈദ്യം രൂപം കൊണ്ടതായി പറയപ്പെടുന്നത്. . പ്രധാനമായും തമിഴ്നാട്ടിലാണ് ഈ ചികിത്സാ സമ്പ്രദായം ഉരുത്തിരിഞ്ഞത്. തെക്കൻ കേരളത്തിലുംവേരുകളുണ്ട്. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ഥങ്ങളെല്ലാം തന്നെ തമിഴിലാണ്.