വടക്കുംതല : പനയന്നാർക്കാവ് ഭഗവതി ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ നടക്കുന്ന കളമെഴുത്തും ഭദ്രകാളി പാട്ടും 26ന് സമാപിക്കും. ഉമിക്കരി, അരിപ്പൊടി, മഞ്ഞൾപ്പൊടി, മഞ്ചാടിയില പൊടി, മണലും ചുണ്ണാമ്പും ചേർന്ന ചുവപ്പു പൊടി എന്നീ പഞ്ചവർണ പൊടികൾ ഉപയോഗിച്ച് മാർക്കണ്ഡേയ പുരാണത്തിലെ ദാരിക വധമാണ് നാലമ്പലത്തിനുള്ളിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ ആറ്റിങ്ങൽ ഭാസി പിള്ള വർഷങ്ങളായി തയ്യാറാക്കുന്നത്. ഉച്ചയോടെ കളമെഴുത്തും തുടങ്ങും. അത്താഴപൂജ കഴിഞ്ഞ് ദേവീസ്തുതികൾ ആരംഭിക്കും. ഭാസിപിള്ളയുടെ ഭദ്രകാളിപാട്ടും മേൽശാന്തി സുധാംശു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പൂജയും കഴിഞ്ഞാൽ കമുകിൻ പൂക്കുല കൊണ്ട് കളം മായ്ക്കുന്നതോടെ അന്നത്തെ അനുഷ്ഠാനം അവസാനിക്കും. 38 ദിവസം ക്ഷേത്രത്തിലെ അഞ്ചുകരകളിലെ കുടുംബങ്ങളും, മൂന്ന് ദിവസം പനയന്നാർ കാവ് ദേവസ്വവുമാണ് ചിറപ്പൊരുക്കുന്നത്. 26 ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് അന്നദാനം, രാത്രി ഗുരുസി പൂജ എന്നിവ നടക്കും.