കൊല്ലം: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സ്പെഷ്യൽ ക്യാമ്പുകൾ 'അതിജീവനം 2021' നാളെ മുതൽ ജനുവരി 2 വരെ ജില്ലയിലെ 109 സ്‌കൂളുകളിൽ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും.

പാരിസ്ഥിതിക സംരക്ഷണം, ഹരിതവത്കരണം എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി 'നാമ്പ്ര, വൃദ്ധരിൽ വർദ്ധിച്ചു വരുന്ന സ്മൃതി ഭ്രംശവും മറ്റ് ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താനും സമഗ്ര റിപ്പോർട്ടായി സമർപ്പിക്കാനുമുള്ള 'ഉദ്ബോധ് ', ഗാന്ധിയൻ ആശയങ്ങളുടെ പ്രചരണത്തിനായി 'ഗാന്ധി സ്മൃതി', ഭരണഘടനയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കാനായി 'വി ദി പീപ്പിൾ' തുടങ്ങിയ ബോധവത്കരണ പ്രവർത്തനങ്ങൾ ക്യാമ്പിലൂടെ നടത്തും.ചാണകവും പശയുള്ള മണ്ണും പ്രത്യേക അനുപാതത്തിൽ കുഴച്ച് വിത്തുകൾ തണലത്ത് ഉണക്കിയെടുത്ത് ജില്ലയിലെ ക്യാമ്പുകളിൽ 11,000 സീഡ്ബാളുകൾ നിർമ്മിക്കും.

പത്രസമ്മേളനത്തിൽ ജില്ലാ കൺവീനർ കെ.ജി. പ്രകാശ്, എൽ. ഗ്ലാഡിസൻ, നീരാവിൽ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് വോളണ്ടിയർ പ്രതിനിധികളായ ജെ.പി. ആകാശ്, ഡി. ദേവിപ്രിയ എന്നിവർ പങ്കെടുത്തു.