കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും സൗഹൃദസംഘവും ചേർന്ന് സംഘടിപ്പിക്കുന്ന അക്ഷരസന്ധ്യയും പുസ്തകപ്രകാശനവും നാളെ വൈകിട്ട് 5 ന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഓപ്പൺ എയർ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഗീതവും നൃത്തവും സൗഹൃദ സംഭാഷണങ്ങളും കോർത്തിണക്കിയാണ് 'അക്ഷര സന്ധ്യ' എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ രചിച്ച ' പ്രണയം തൊടും നേരം' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പുസ്തക പ്രകാശനം നിർവഹിക്കും. സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ബ്രിട്ടോ പുസ്തകം ഏറ്റുവാങ്ങും. അഡ്വ. കെ. സോമപ്രസാദ് എം.പി, എം.എൽ.എമാരായ സി.ആർ. മഹേഷ്, ഡോ. സുജിത്ത് വിജയൻപിള്ള, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. അന്തരിച്ച ജനകീയ സംഗീതജ്ഞൻ വി.കെ. ശശിധരനോടുള്ള ആദര സൂചകമായി വി.കെ.എസ് കവിതകളുടെ നൃത്താവിഷ്ക്കാരം നൃത്താദ്ധ്യാപകരായ പ്രിയയും ദേവികയും അവതരിപ്പിക്കും. പ്രശസ്ത ഗായകരായ കെ. എസ്. പിയ, ബിനു സരിഗ, അനിൽ മത്തായി, വരലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന പ്രണയസംഗീതികയും പ്രണയ കവിതകളുടെ അവതരണവും അരങ്ങേറും. പ്രതീക്ഷയുടെ പുതുവർഷത്തെ പ്രത്യാശയോടെ വരവേൽക്കുക എന്ന സന്ദേശത്തോടെ ചടങ്ങിൽ വിശിഷ്ടാതിഥികൾ അക്ഷരദീപം തെളിക്കും. വാർത്താ സമ്മേളനത്തിൽ അഡ്വ. പി.ബി. ശിവൻ, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, ജി. സുനിൽ, പി. ബ്രൈറ്റ്സൺ എന്നിവർ പങ്കെടുത്തു.