xmass-
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമ്മാനങ്ങളുമായി മ്യൂസിക് ലാബിലെ കുട്ടികളും അദ്ധ്യാപികയും എത്തിയപ്പോൾ .

തഴവ: കുടുംബത്തോടൊപ്പം കൊവിഡ് ബാധിതനായപ്പോൾ ഒന്നാം ക്ലാസുകാരനായ അൽത്താഫിന് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, ഓൺലൈനിൽ മാത്രം കണ്ടിട്ടുള്ള തന്റെ പ്രിയപ്പെട്ട അദ്ധ്യാപിക പ്രിയ ടീച്ചറെ രോഗം ഭേദമാകുമ്പോൾ നേരിൽകാണണം. രക്ഷാകർത്താക്കൾ വഴി വിവരം മനസിലാക്കിയ ഗായികയും അദ്ധ്യാപികയുമായ കെ.എസ്. പ്രിയ തന്റെ മ്യൂസിക് ക്ലബ്ബിലെ നൂറോളം കുട്ടികളുമായി കഴിഞ്ഞ ദിവസം അൽത്താഫിന്റെ വീട്ടിലെത്തുകയായിരുന്നു.

അദ്ധ്യാപികയും കുട്ടികളും ക്രിസ്മസ് പപ്പാമാരുടെ വേഷം ധരിച്ചാണ് എത്തിയത്. പാട്ടുപാടിയെത്തിയ ക്രിസ്മസ് കരോൾ സംഘത്തെ കണ്ടതോടെ അൽത്താഫും പ്രദേശവാസികളും അത്ഭുതപ്പെട്ടു. തുടർന്ന് കൂട്ടത്തിൽ മുതിർന്ന പപ്പാ മുന്നോട്ട് വന്ന് അൽത്താഫിന്റെ കയ്യിലേക്ക് സമ്മാനപ്പൊതികളും മധുരവും കൈമാറിയപ്പോൾ അവൻ വീണ്ടും അത്ഭുതം കൂറി. മുഖംമൂടി മാറ്റിയപ്പോൾ തന്റെ പ്രിയപ്പെട്ട ടീച്ചറെ അർത്താഫിന്റെ സന്തോഷം വാനോളമുയർന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊവിഡ് കാലത്ത് രൂപീകരിച്ച പ്രാദേശിക പ്രതിഭാ ലാബുകളുടെ ഭാഗമായാണ് കുട്ടികളെ ചേർത്ത് മ്യൂസിക് ലാബ് സജ്ജീകരിച്ചത്. നൂറിലധികം കുട്ടികൾ പങ്കെടുത്ത ക്രിസ്മസ് കരോൾ ഗാനങ്ങളുടെ റിഹേഴ്സലും പരിശീലനവും എല്ലാം കഴിഞ്ഞയാഴ്ചയാണ് പൂർത്തിയായത്. വ്യാഴാഴ്ച വൈകിട്ട് നൂറിലധികം വരുന്ന കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്തൃ സമിതി പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറിന്റെ നേതൃത്വത്തിൽ തൊടിയൂരിലെ അൽത്താഫ് ഉൾപ്പെടെയുള്ള കുട്ടികളുടെ വീടുകളിലേക്ക് കരോൾ സംഘമായി ഗാനങ്ങൾ ആലപിച്ചെത്തുകയായിരുന്നു. അൽത്താഫിന്റെ വീടിനു സമീപത്തെ ഭിന്നശേഷിക്കാരായ കുട്ടികളെയും തമിഴ്നാട് സ്വദേശികൾ താമസിക്കുന്ന കോളനിയിലെ കൂട്ടുകാരെയും ഒക്കെ കരോൾ സംഘം നേരിട്ട് കണ്ട് സമ്മാനങ്ങളും പുതുവസ്ത്രങ്ങളും സഹായങ്ങളും നൽകി.