photo
ജില്ലാ കളക്ടർ അഫ്സാന പർവീണിന്റെ സാന്നിദ്ധ്യത്തിൽ പുനലൂരിൽ ചേർന്ന അവലോകന യോഗത്തിൽ പി.എസ്. സുപാൽ എം.എൽ.എ സംസാരിക്കുന്നു

പി.എസ്. സുപാൽ എം.എൽ.എ ഉദ്യോഗസ്ഥർ‌ക്ക് നിർദേശം നൽകി

പുനലൂർ: പുനലൂർ - ചെങ്കോട്ട റെയിൽവേ റൂട്ടിൽ ബ്രോഡ്ഗേജ് നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ദേശീയ പാതയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് നാശനഷ്ടങ്ങളുണ്ടാവുന്നതിന് പരിഹാരമുണ്ടാക്കണമെന്ന് പി.എസ്. സുപാൽ എം.എൽ.എ ഉദ്യോഗസ്ഥർ‌ക്ക് നിർദേശം നൽകി. പുനലൂർ നിയോജക മണ്ഡലത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് എം.എൽ.എയുടെ നിർദ്ദേശം. ജില്ലാ കളക്ടർ അഫ്സാന പർവീണിന്റെ സാന്നിദ്ധ്യത്തിൽ പുനലൂർ പൊതുമരാമാത്ത് വകുപ്പിന്റെ റസ്റ്റ്ഹൗസിലാണ് റെയിൽവേ, ദേശീയ പാത, റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തയോഗം ചേർന്നത്.

ഒന്നരമാസം മുമ്പ് ഉരുൾപൊട്ടി നാശനഷ്ടങ്ങളുണ്ടായ ആര്യങ്കാവ് പഞ്ചായത്തിലെ തേവർകാട്, നാല് സെന്റ്, മൂന്ന് സെന്റ്, ആറുമുറിക്കട കോളനികളിൽ റവന്യൂ മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർന്ന് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേരുകയും ചെയ്തിരുന്നു. ഇതിൻെറ തുടർച്ചയായാണ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം വീണ്ടും ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നത്.

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, പുനലൂർ നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ശശിധരൻ, സുജ തോമസ്, അജയൻ, നിഷ മുരളി, പി. അനിൽകുമാർ, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, ഡി.എഫ്.ഒ സൺ, തഹസിൽദാർ കെ.എസ്. നസിയ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

തോട്ടം മേഖലയിലെ വിദ്യാർത്ഥികൾക്ക്

വാഹനസൗകര്യം ഒരുക്കണം

 ഉരുൾപൊട്ടിയ തോട്ടം മേഖലയിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പോകാൻ വാഹനസൗകര്യം ഒരുക്കണം

 ദുരിതം അനുഭവിക്കുന്ന പ്രീയ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് തൊഴിലുറപ്പ് പദ്ധതിപ്രകാരം കൂടുതൽ തൊഴിൽ ലഭ്യമാക്കണം

 ഇവരുടെ ലയങ്ങളുടെ പുനരുദ്ധാരണ ജോലികൾ എത്രയും വേഗം തീർക്കണം

 കാലവർഷക്കെടുതിയിൽ തകർന്ന കഴുതുരുട്ടി - അച്ചൻകോവിൽ വനപാത തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗതാഗതയോഗ്യമാക്കണം

 അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ച് നീക്കാൻ വനം വകുപ്പ് ഇടപെടണം

ഫയർ ഫോഴ്സ് യൂണിറ്റ് അനുവദിക്കണം

ഉരുൾപൊട്ടിയ കഴുതുരുട്ടി ആറ്റുതീരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. മഴക്കെടുതിയടക്കമുള്ള നാശനഷ്ടങ്ങളുണ്ടാകുന്ന കിഴക്കൻ മലയോര മേഖലയിൽ ഒരു ഫയർ ഫോഴ്സ് യൂണിറ്റ് അനുവദിക്കണമെന്ന റിപ്പോർട്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന് സമർപ്പിക്കാനും എം.എൽ.എ നിർദേശം നൽകി.