കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജിലെ സപ്തദിന സഹവാസ ക്യാമ്പ് 'തരക്ഷ് 2021' പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഞ്ചാലുംമൂട് എ.എസ്.ഐമാരായ ലാലുപ്രസാദും ചടങ്ങിലെ മുഖ്യാതിഥികൾ ആയിരുന്നു. കേരളത്തെ പ്രതിനിധാനം ചെയ്തു ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഒരാളായ എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി കൂടിയായ കിരണിനെയും എ.പി.ജെ എ.കെ.ടി.യു എൻ.എസ്.എസ് സെല്ലിനെ പ്രതിനിധാനം ചെയ്ത് റിപ്പബ്ലിക് ദിന പരേഡിലേക്ക് കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക വനിത വോളണ്ടിയർ സ്നേഹയെയും ചടങ്ങിൽ ആദരിച്ചു.
പനയം പഞ്ചായത്തംഗം എസ്. ഷാജി, കോളേജ് പ്രിൻസിപ്പൽ ഡോ. അസോയ, കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ദേവരാജൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഗോപകുമാർ എന്നിവർ സംസാരിച്ചു. പണയിൽ ജി.എച്ച്.എസ് പ്രഥമാദ്ധ്യാപകൻ ആന്റണി പീറ്റർ സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ അജീഷ് നന്ദിയും പറഞ്ഞു. ക്യാമ്പ് 30ന് അവസാനിക്കും.