
കൊട്ടാരക്കര: സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതോടെ കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലാ സമിതി നെൽക്കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു. തളവൂർക്കോണം ഏലായിൽ 70 കർഷകരുടെ കൂട്ടായ്മയിലൂടെ രൂപപ്പെടുത്തിയ പാടശേഖരസമിതി 75ഏക്കർ സ്ഥലത്താണ് നെൽക്കൃഷി നടത്തുന്നത്. കൃഷി ആരംഭിച്ചകാലം മുതൽ മദ്യപാനികളും സാമൂഹ്യ വിരുദ്ധരും കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. കതിരുകൾ നിരന്ന നെൽച്ചെടികൾ ചവിട്ടി നശിപ്പിക്കുക, രാവും പകലും ഏലാ ഭാഗങ്ങളിൽ സംഘമായി ചേർന്ന് മദ്യപിക്കുക, മദ്യക്കുപ്പികൾ വയലിലേക്ക് പൊട്ടിച്ചെറിയുക, പാഴ് വസ്തുക്കളും ഭക്ഷ്യ അവശിഷ്ടങ്ങളും വയലിൽ നിക്ഷേപിക്കുക തുടങ്ങിയ ഉപദ്രവങ്ങൾ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.
മദ്യക്കുപ്പികൾ വയലിലേക്ക് പൊട്ടിച്ചെറിയുന്നതുമൂലം വയലിലിറങ്ങുന്ന കർഷകരുടെ കാലിലും കൈയ്യിലും മുറിവേൽക്കുന്നത് പതിവാണ്. ബന്ധപ്പെട്ടവരോട് നിരന്തരം പരാതി നൽകാറുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ലെന്ന് ഏലാസമിതി സെക്രട്ടറി ബി. ചന്ദ്രശേഖരൻ പിള്ള പറയുന്നു. എഴുകോൺ പൊലീസിനും റൂറൽ പൊലീസ് മേധാവിക്കും കൃഷിമന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നെൽകൃഷി ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ടി വരുമെന്ന് ഏലാസമിതി ഭാരവാഹികൾ പറഞ്ഞു.