a
എസ്.എൻ.ഡി.പി യോഗം 6444-ാം നമ്പർ ചീരങ്കാവ് ശാഖയ്ക്ക് നൽകിയ ഭൂമിയുടെ രേഖകൾ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഏറ്റുവാങ്ങുന്നു

എഴുകോൺ: ഭാര്യയുടെ ഓർമ്മയ്ക്കായി ഗൃഹനാഥൻ ശാഖാ മന്ദിരത്തിന് ഇഷ്ടദാനമായി ഭൂമി വിട്ട് നൽകി. ചീരങ്കാവ് ചിറയിൽ ഗ്രീൻവില്ലയിൽ വിശ്വംഭരനാണ് ഭാര്യ നിർമ്മല വിശ്വംഭരന്റെ ഓർമ്മയ്ക്കായി ഭൂമി നൽകിയത്. എസ്.എൻ.ഡി.പി യോഗം 6444-ാം നമ്പർ ചീരങ്കാവ് ശാഖയ്ക്ക് ശാഖാമന്ദിരം നിർമ്മിക്കുന്നതിനായാണ് വസ്തു നൽകിയത്. 26ന് വൈകിട്ട് 5 ന് ചീരങ്കാവ് ഭഗവതീ ക്ഷേത്രത്തിന് സമീപം ശാഖാ അങ്കണത്തിൽ ശാഖാപ്രസിഡന്റ് രാജ്മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂമി ശാഖയ്ക്ക് കൈമാറി. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ രേഖകൾ ഏറ്റുവാങ്ങി. ചടങ്ങിൽ സതീഷ് സത്യപാലൻ വിശ്വംഭരനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. അരുൾ, ശാഖാ പ്രസിഡന്റ് എഴുകോൺ രാജ്മോഹൻ, സെക്രട്ടറി സ്നേഹലാൽ, യൂണിയൻ കമ്മിറ്റി അംഗം കനകദാസ്, ശാഖാ വൈസ് പ്രസിഡന്റ് സാബു, 565-ാം നമ്പർ എഴുകോൺ ശാഖാ പ്രസിഡന്റ് വി. മന്മഥൻ, സെക്രട്ടറി ടി. സജീവ് തുടങ്ങിയവർ സംസാരിച്ചു.