എഴുകോൺ: എഴുകോൺ വി.എസ്.വി.എച്ച്.എസ് സ്കൂളിൽ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് ആരംഭിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ആർ.വി. സജിത അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം രഞ്ജിനി അജയൻ, എച്ച്.എം ജെ. ജീജ, സ്റ്റാഫ് സെക്രട്ടറി റെജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് കൊല്ലം ഡി.സി കെ.എസ്. ആനന്ദ് സ്വാഗതവും പ്രോഗ്രാം ഓഫീസർ കെ. അമ്പിളി നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണം, ട്രാഫിക് ബോധവത്കരണം, സെമിനാർ, പൂന്തോട്ട, അടുക്കള തോട്ട നിർമ്മാണം, തെരുവ് നാടകം തുടങ്ങിയവ നടക്കും. 28ന് രാവിലെ 9.30 മുതൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾക്കുള്ള മരുന്നുകൾ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.