v

കൊല്ലം: സി.പി.എം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി എസ്. സുദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 31, ജനുവരി 1, 2 തീയതികളിലായി കൊട്ടാരക്കരയിലാണ് സമ്മേളനം നടക്കുന്നത്. 31ന് രാവിലെ 10ന് വാളകം പ്രതീക്ഷാ കൺവെൻഷൻ സെന്ററിൽ (ബി. രാഘവൻ നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ജനുവരി 2ന് വൈകിട്ട് 5ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലെ ഇ.കാസിം നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, വൈക്കം വിശ്വൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം.എം. മണി, കെ.ജെ. തോമസ്, കെ.എൻ. ബാലഗോപാൽ എന്നിവർ പങ്കെടുക്കും. മൂവായിരം ബ്രാഞ്ച് സമ്മേളനങ്ങളും 170 ലോക്കൽ സമ്മേളനങ്ങളും 18 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്. 42 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 242 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ന് ആയിരം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര കൊട്ടാരക്കര ജൂബിലി മന്ദിരം ഗ്രൗണ്ടിൽ നടക്കും. 30ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പതാക ജാഥയും കടയ്ക്കൽ വിപ്ളവ സ്മാരകത്തിൽ നിന്ന് കൊടിമര ജാഥയും കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖാ റാലിയും തടിക്കാട് എം.എ. അഷ്റഫ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പതാക ജാഥയും അബ്ദുൾ മജീദ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കൊടിമരജാഥയും സമ്മേളന നഗരിയിലെത്തുമെന്നും ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ, ജില്ലാ സെക്രട്ടറിയേറ്റംഗം പി.എ. എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം വി. രവീന്ദ്രൻ നായർ എന്നിവർ പറഞ്ഞു.

ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ കമ്മിറ്റിയിൽ അംഗസംഖ്യ വർദ്ധിക്കും. കമ്മിറ്റിയിൽ ആകെയുള്ളതിൽ പത്ത് ശതമാനം വനിതകളുണ്ടാകും. ജില്ലാ സെക്രട്ടറിയേറ്റിലും വനിതാ പ്രാതിനിദ്ധ്യം ഉണ്ടാകും.