കൊല്ലം: തുണിത്തരങ്ങളുടെ നികുതി 5ൽ നിന്ന് 12 ശതമാനമാക്കിയതിൽ പ്രതിഷേധിച്ച് കേരള ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കടപ്പാക്കട ജി.എസ്.ടി സെൻട്രൽ ഓഫീസ് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.
സമൂഹത്തിലെ താഴെത്തട്ടിൽ വരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് നികുതി വർദ്ധനവിലൂടെ ഉണ്ടാകുന്നത്. നികുതിയേതര തെരുവുകച്ചവടത്തിനും താത്കാലിക കച്ചവടത്തിനും ഓൺലൈൻ വ്യാപാരത്തിനും കൂടുതൽ പ്രോത്സാഹനമാകുന്ന നയമാണിത്. ജനുവരി ഒന്നു മുതൽ 7 ശതമാനം അധിക നികുതി സ്വന്തം കൈയിൽ നിന്ന് അടയ്ക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകുമെന്ന് അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് എം.കെ. നിസാർ, ജനറൽ സെക്രട്ടറി നിസാമുദ്ദീൻ പാത്തൂസ്, ട്രഷറർ പി.പി. അമീർ, ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡ്രീംസ് രവീന്ദ്രൻ നായർ, ടൗൺ മേഖല പ്രസിഡന്റ് എം.ആർ. നവാസ്, കോ ഓർഡിനേറ്റർ ബി ടു ബി ബിനോജ് എന്നിവർ പങ്കെടുത്തു.