c

ചാത്തന്നൂർ: ശിവഗിരി തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ചാത്തന്നൂർ യൂണിയനിൽ പൂർത്തിയായി. എല്ലാ ശാഖകളും ഗുരുമന്ദിരങ്ങളും കവലകളും മഞ്ഞത്തോരണങ്ങൾ, വൈദ്യുത ദീപങ്ങൾ, കൊടികൾ തുടങ്ങിയവയാൽ അലങ്കരിച്ചു.
ചാത്തന്നൂർ യൂണിയനിലൂടെ കടന്നു വരുന്ന എല്ലാ തീർത്ഥാടകർക്കും ഭക്ഷണവും സ്വീകരണവും യൂണിയന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. കണ്ണനല്ലൂർ വഴി വരുന്ന തീർത്ഥാടകർക്ക് കൊട്ടിയം, തഴുത്തല,കൊട്ടിയം ടൗൺ ശാഖകൾ സ്വീകരണം നൽകും. 643 മൈലക്കാട് - തഴുത്തല ശാഖയിൽ പദയാത്രികർക്ക് 29ന് രാത്രി ഭക്ഷണവും വിശ്രമവും ഒരുക്കിയിട്ടുണ്ട്. 4429 ചാത്തന്നൂർ ടൗൺ, 578 ഏറം, 3244 കാരംകോട് ഗുരുമന്ദിരം, 1720 കല്ലുവാതുക്കൽ, 6410 കണ്ണേറ്റ തുടങ്ങിയ ശാഖകളും സ്വീകരണം നൽകും. പരവൂർ വഴി കടന്നുപോകുന്ന പദയാത്രകൾക്ക് 861 നെടുങ്ങോലം, 3525 പൂക്കുളം, 961 അരുണോദയം, 962 ഒല്ലാൽ, 931 പുറ്റിങ്ങൽ, 707 കോട്ടപ്പുറം, 2495 പൊഴിക്കര, 3768 കൊട്ടുവങ്കോണം എന്നീ ശാഖകളി​ൽ സ്വീകരണവും വിശ്രമത്തിനുള്ള സൗകര്യവും നൽകും. 1159 നമ്പർ പുത്തൻകുളം ശാഖയിൽ നിന്നുള്ള പദയാത്ര 30ന് രാവിലെ 8ന് യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
കോട്ടയം യൂണിയനിലെ നാഗമ്പടം പള്ളം പദയാത്ര സമിതിയുടെ പദയാത്രയെ നാളെ രാവിലെ 11 ന് വേളമാനൂർ ജംഗ്ഷനിൽ സ്വീകരിച്ചു ഗുരുഷേത്രത്തിലേക്ക് ആനയിക്കും. ഉച്ച ഭക്ഷണത്തിനു ശേഷം പുറപ്പെടുന്ന പദയാത്രയ്ക്ക് 4595-ാം നമ്പർ ശാഖയുടെ നേതൃതത്തിൽ സ്വീകരണവും രാത്രി വിശ്രമവും ഒരുക്കും. രാവിലെ ഗുരുഷേത്രത്തിൽ നിന്നു ആരംഭിക്കുന്ന പദയാത്രയ്ക്ക് പാരിപ്പള്ളി പദയാത്ര സമിതിയുടെയും 805 പാരിപ്പള്ളി, 6400 ആർ. ശങ്കർ മെമ്മോറിയൽ പാരിപ്പള്ളി ഈസ്റ്റ്‌, 3657 കെ.കെ.വി പാരിപ്പള്ളി ടൗൺ, 4836 പാമ്പുറം ശാഖകളുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ സ്വീകരിക്കും.
ഇലവുംതിട്ട മുലൂർ സ്മാരകത്തിൽ നിന്നു ശിവഗിരിയിലേക്കുള്ള ഗുരുദേവ വിഗ്രഹ ഘോഷയാത്രയ്ക്ക് ചാത്തന്നൂർ യൂണിയൻ ഓഫീസിനു മുന്നിൽ ഉച്ചയ്ക്ക് സ്വീകരണം നൽകും. ഇവിടെ നിന്നു പാരിപ്പള്ളിയിലേക്ക് തിരിക്കുന്ന വിഗ്രഹ ഘോഷയാത്രയ്ക്ക് പദയാത്ര സമിതിയുടെയും പാരിപ്പള്ളി മേഖലയിലെ ശാഖകളുടെയും നേതൃത്വത്തിൽ സ്വീകരണവും ഭക്ഷണവും നൽകും.
ശിവഗിരി തീർത്ഥാടനം വിജയിപ്പിക്കുന്നതിനു സഹകരണം ഉണ്ടാവണമെന്ന് യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാറും സെക്രട്ടറി കെ. വിജയകുമാറും അറിയിച്ചു.