t
ശശി

കൊല്ലം: കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച എഴുകോൺ സ്വദേശി എൽ.ശശിയുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ ആരോഗ്യപ്രവർത്തകർ തന്നെ പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചെങ്കിലും കൊവിഡ് മരണപ്പട്ടികയിൽ ശശിയുടെ പേരില്ല. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.

എഴുകോൺ വി.എസ്‌.വി.എച്ച്.എസ്‌.എസിലെ റിട്ട.ജീവനക്കാരനായ ശശിഭവനത്തിൽ എൽ.ശശി ഹൃദ്രോഗ ബാധിതനായിരുന്നു. 2020 സെപ്തംബർ 24ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ്, ശശി തനിയെ വാഹനമോടിച്ച് കൊല്ലത്തെ സ്വകാര്യ മെഡി. ആശുപത്രിയിൽ എത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതിനാൽ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെന്ന് അവിടെ നിന്ന് ബന്ധുക്കളെ അറിയിച്ചു. 14 ദിവസത്തിനു ശേഷമേ ഡിസ്ചാർജ് ആകൂ എന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ ഫോണിൽ അറിയിച്ചു.

കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ബന്ധുക്കൾക്കു പ്രവേശനമില്ലാത്തതിനാൽ ഹൃദ്രോഗത്തിനുള്ള മരുന്നും ഭക്ഷണവുമെല്ലാം ജില്ലാ ആശുപത്രിയിലെത്തി കൈമാറി. അന്നു രാത്രി ശശി മരിച്ചു. ശശിക്ക് നല്ല പരിചരണം ലഭിച്ചില്ലെന്ന് അന്നേദിവസം അവിടെ അഡ്മിറ്റായിരുന്ന മറ്റൊരു രോഗി തന്നോട് പറഞ്ഞിരുന്നതായി മകൻ ധനരാജ് വ്യക്തമാക്കി. തുടർന്നാണ് ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ കൊവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചത്.

കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടാത്തതിനാൽ അപ്പീൽ നൽകിയെങ്കിലും അതും തള്ളിയെന്നാണ് അധികൃതർ അറിയിച്ചതെന്ന് ധനരാജ് പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം കളക്ടർക്കു പരാതി നൽകി. ശശിയുടെ കുടുംബത്തിന്റെ പരാതി ശ്രദ്ധയിൽപ്പെട്ടെന്നും ഇവർക്ക് അപ്പീൽ നൽകാൻ അവസരമുണ്ടെന്നും മരണത്തിന്റെ വിശദാംശങ്ങൾ ജില്ലാ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ സർവൈലൻസ് ഓഫീ്സർ ഡോ.ആർ.സന്ധ്യ പറഞ്ഞു.

 ഒന്നു കാണാൻ പോലുമാവാതെ

ഭർത്താവിന്റെ മൃതദേഹം അവസാനമായി ഒരുനോക്കു കാണാൻ വേണ്ടി കൊല്ലത്തേക്കു വരാൻ ഭാര്യ ലളിത ശ്രമിച്ചെങ്കിലും അവർ രോഗിയായതിനാൽ ആരോഗ്യപ്രവർത്തകർ അനുവദിച്ചിരുന്നില്ല. മക്കളായ ധനപാലനും ധനരാജിനും മൃതദേഹം ദൂരെനിന്നു കാണാൻ മാത്രം സാധിച്ചു. അന്ത്യകർമങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയോർത്ത് എല്ലാം സഹിച്ചു. പക്ഷേ, ഇപ്പോൾ കൊവിഡ് മരണപ്പട്ടികയിൽ പേര് ഉൾപ്പെടാത്തതിനാൽ അപ്പീൽ നൽകിയെങ്കിലും അതും നിഷേധിക്കപ്പെട്ട അവസ്ഥയാണ്.