t

നഗരത്തിൽ ശല്യമായി വാഹനങ്ങളിലെ എയർ ഹോൺ

കൊല്ലം: മോട്ടോർവാഹന വകുപ്പിന്റെയും പൊലീസിന്റെയും മുന്നറിയിപ്പുകൾ അവഗണിച്ച്, നഗരത്തിലോടുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നുള്ള എയർ ഹോൺ ശബ്ദം കാതടപ്പിക്കുന്നു. ഇരുചക്രവാഹനങ്ങളിൽ പോലും അനധികൃത ഹോണുകൾ വ്യാപകമാകുകയാണ്. അതിതീവ്രതയുള്ള ശബ്ദം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരിൽ വല്ലാത്ത അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്. ഇവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും ചെറുതല്ല.

ഹോൺ നിരോധിത മേഖലകളായ ആശുപത്രി, കളക്ടറേറ്റ്, കോടതി എന്നിവയുടെ പരിസരങ്ങളിൽ പോലും മ്യൂസിക്കൽ എയർഹോൺ ഉൾപ്പെടെയുള്ളവ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. എയർ ഹോണുകൾ പിടികൂടാൻ 'ഓപ്പറേഷൻ ഡെസിബെൽ' എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ടാഴ്ചയ്ക്കിടെ 75 വാഹനങ്ങൾ കുടുങ്ങി. ഭൂരിഭാഗവും സ്വകാര്യബസുകളായിരുന്നു. എയർഹോൺ സ്വയം ഇളക്കിമാറ്റാൻ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. പിന്നെയും ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയാൽ പിഴയീടാക്കുകയും ഹോൺ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

യുവാക്കൾക്ക് ഹരം

ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവയിലും എയർഹോണുകൾ സ്ഥാപിക്കുന്നവരുണ്ട്. പ്രത്യേകം എയർ ടാങ്കുകൾ സ്ഥാപിച്ചശേഷമാണ് ഹോണുകൾ ഘടിപ്പിക്കുന്നത്. 1,000- 5,000 രൂപ വരെ ഇതിനു ചെലവാകും. യുവാക്കളാണ് ഇത്തരം ഹോണുകളുടെ ആരാധകരിൽ ഏറെയും.

കേൾവിയെ ബാധിക്കും

 60-70 ഡെസിബെല്ലിൽ കൂടുതലുള്ള ശബ്ദതീവ്രത കേൾവിശക്തിയെ ബാധിക്കും
 തുടർച്ചയായി ശ്രവിക്കുന്നത് മാനസിക സമ്മർദ്ദം സൃഷ്ടിക്കും

 അപ്രതീക്ഷിതമായി കേൾക്കുമ്പോൾ ഭയപ്പെടുന്നത് മൂലം അപകട സാദ്ധ്യത

 സ്ഥിരം കേൾക്കേണ്ടി വരുന്നത് ഓട്ടോ, ബസ്, ലോറി ഡ്രൈവർമാരും ട്രാഫിക്ക് ഉദ്യോഗസ്ഥരും

# അനുവദനീയ ഹോൺ തീവ്രത: 60 മുതൽ 96 ഡെസിബെൽ വരെ
# എയർഹോണിന്റെ തീവ്രത: 100 മുതൽ 130 ഡെസിബെൽ വരെ

.......................................

പിഴ, വലിയ പിഴ

 എയർ ഹോൺ, മൾട്ടി ടോൺ ഹോൺ: ₹ 10,000
 അനാവശ്യമായും തുടർച്ചയായും ഹോൺ മുഴക്കുന്നത്: ₹ 1000, ആവർത്തിച്ചാൽ ₹ 2000
 നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നത്: ₹ 1000, ആവർത്തിച്ചാൽ ₹ 2000