t


കൊല്ലം: ഒമിക്രോൺ വകഭേദം വ്യാപിക്കാനുള്ള സാദ്ധ്യതകൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ പറഞ്ഞു.

ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നു വരുന്നവർ നിർദ്ദേശിക്കപ്പെട്ട പ്രോട്ടോക്കോൾ കൃത്യമായും പാലിക്കണം. ഏഴ് ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം ടെസ്​റ്റ് ചെയ്ത് നെഗ​റ്റീവ് ആയാൽ തുടർന്നുള്ള ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണം നടത്തണം. ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണം കണ്ടാൽ തൊട്ടടുത്ത ആശുപത്രിയിലോ പ്രാഥമിക ചികിത്സാകേന്ദ്രത്തിലോ വിവരം അറിയിച്ച് പരിശോധനയ്ക്ക് വിധേയരാകണം. അഗതി മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, ഹോസ്​റ്റലുകൾ എന്നിവിടങ്ങളിൽ അവയുടെ ചുമതലക്കാർ രോഗബാധ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കൊവിഡ് പ്രതിരോധ കുത്തിവെയ്പ് എല്ലാവരും എടുക്കണം. ഒരു ഡോസും എടുക്കാത്തവർ ഒന്നാം ഡോസും രണ്ടാം ഡോസിന് സമയമായവർ അതും എത്രയും വേഗം എടുക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.