കൊല്ലം: കേരള രാഷ്ട്രീയത്തിലും ഭരണത്തിലും പോസിറ്റീവ് എനർജി നൽകുന്ന പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളകൗമുദിയുടെ 110-ാം വാർഷികം കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ ഇന്നു കാണുന്ന തരത്തിൽ രൂപപ്പെടുത്തിയതിൽ കേരളകൗമുദിക്ക് നിർണായക പങ്കുണ്ട്. കേരളകൗമുദി കേരള ചരിത്രത്തെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. കേരള ചരിത്രവുമായി ബന്ധപ്പെട്ടതാണ് കേരളകൗമുദിയുടെ ഇന്നലെകൾ. അധികാര കേന്ദ്രങ്ങളെ പിടിച്ചുലയ്ക്കുന്നതായിരുന്നു എഡിറ്റോറിയലുകൾ. പുരോഗമന രാഷ്ട്രീയത്തിന് കേരളത്തിൽ വേരൂന്നാൻ ഏറ്റവുമധികം സഹായം നൽകിയ പത്രം കൂടിയാണിത്. താൻ അധികാരമേറ്റെടുത്ത ശേഷം കേരളകൗമുദി ഭക്ഷ്യവിതരണ രംഗത്തെക്കുറിച്ച് മൂന്ന് തവണ എഡിറ്റോറിയൽ എഴുതി. അത് ജനപക്ഷ നിലപാടിന്റെ ഭാഗമാണ്. കേരളകൗമുദി അന്ധമായി വാർത്തകൾ പ്രസിദ്ധീകരിക്കില്ല. വസ്തുതയും യാഥാർത്ഥ്യങ്ങളും അന്വേഷിച്ചാണ് വാർത്തകൾ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച 19 പേർക്ക് കേരളകൗമുദിയുടെ ആദരം ചടങ്ങിൽ മന്ത്രി സമ്മാനിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, വനിത കമ്മിഷൻ അംഗം അഡ്വ. എം.എസ്. താര, കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, പ്രസിഡന്റ് കെ. സുശീലൻ, നഗരസഭ കൗൺസിലർ മഹേഷ് ജയരാജ് എന്നിവർ സംസാരിച്ചു. കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ. രവി സ്വാഗതവും തൊടിയൂർ ലേഖകൻ ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറഞ്ഞു.
റേഷൻ കടകൾ വഴി ജയ അരി ലഭ്യമാക്കാൻ ശ്രമം: മന്ത്രി
പൊതുവിതരണ രംഗത്ത് വലിയ മാറ്റമുണ്ടാകണമെന്നാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഒരാൾ പോലും പട്ടിണി കിടക്കരുതെന്നും ഒരു കുടുംബത്തിന് പോലും വീടില്ലാത്ത അവസ്ഥയുണ്ടാകരുതെന്നുമാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ പ്രത്യേക ഇടപെടൽ നടത്തിവരുന്നത്. 25 വർഷം മുൻപ് 17 ശതമാനം കാർഡുടമകൾ മാത്രമാണ് റേഷൻകടകളിൽ എത്തിയിരുന്നത്. ഇന്ന് 85 ശതമാനം കുടുംബങ്ങൾ റേഷൻ കടയിലെത്തുന്നു. അത് നൂറ് ശതമാനമാക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ പഞ്ചാബിൽ നിന്നുള്ള അരിയാണ് റേഷൻ കടകൾ വഴിയുള്ള വിതരണത്തിന് കേന്ദ്രം നൽകുന്നത്. പകരം ജയ അരി എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. പച്ചരിയും ചാക്കരിയും തുല്യ അളവിൽ വിതരണം ചെയ്യാനുള്ള ശ്രമവും നടക്കുന്നു. റേഷൻ കടകൾ ബാങ്കിംഗ് സേവനങ്ങളടക്കമുള്ള ഇ- സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രം കൂടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.