പുനലൂർ: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് പാലരുവി വെള്ളച്ചാട്ടം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്കേറി. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷത്തോളം അടച്ചുപൂട്ടിയിരുന്ന വെള്ളച്ചാട്ടം രണ്ട് മാസം മുമ്പ് തുറന്നിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മഴമാറിയതോടെ വീണ്ടും തുറന്ന പാലരുവി വെള്ളച്ചാട്ടത്തിൽ രണ്ട് ആഴ്ചയായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പാലരുവിയിൽ എത്തുന്നവർക്ക് വെളളച്ചാട്ടത്തിന് കീഴിൽ നിന്ന് കുളിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പുണ്ടായ ഉരുൾ പൊട്ടലിൽ മലവെള്ളം ഒഴുകിയെത്തി വെള്ളച്ചാട്ടത്തിന് അടിയിൽ വൻകുഴി രൂപപ്പെട്ട് പാറക്കല്ലുകൾ ഉരുണ്ടിറങ്ങുന്നതിനാലാണ് കുളിക്കുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ മലമുകളിലെ 200 അടിയോളം ഉയരത്തിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിൽ പുനരുദ്ധാരണം നടത്തി ടൂറിസ്റ്റുകൾക്ക് കുളിക്കാനുള്ള സൗകര്യംകൂടി ഒരുക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
സഞ്ചാരികളെ വെള്ളച്ചാട്ടത്തിലെത്തിക്കുന്നത്
വനംവകുപ്പിന്റെ ബസുകളിൽ
പാലരുവി കാണാനെത്തുന്ന വിനോദ സഞ്ചാരികളെ വനം വകുപ്പിന്റെ ഉടമസ്ഥതയിലുളള ബസുകളിലാണ് എത്തിക്കുന്നത്. ടൂറിസ്റ്റുകൾ എത്തുന്ന വാഹനങ്ങൾ ഓഫീസുകളുടെ സമീപത്ത് പാർക്ക് ചെയ്ത ശേഷമാണ് വനംവകുപ്പിന്റെ ബസുകളിൽ വെള്ളച്ചാട്ടത്തിൽ എത്തിക്കുന്നത്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ബസ് ചാർജും പ്രവേശന ഫീസും. മൂന്ന് വർഷം മുമ്പ് ടൂറിസ്റ്റുകളുടെ സ്വകാര്യ വാഹനങ്ങളിൽ തന്നെ വെള്ളച്ചാട്ടത്തിൽ എത്താൻ കഴിയുമായിരുന്നു. എന്നാൽ ഇടുങ്ങിയ വന പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാലാണ് പ്രധാന പാതയിൽ നിന്ന് പാലരുവിയിലെത്തുന്നവരെ വനം വകുപ്പിന്റെ വാഹനങ്ങളിൽ വെളളച്ചാട്ടത്തിൽ എത്തിക്കുന്നത്.
80,000 രൂപയുടെ വരുമാനം
പാലരുവി വനസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള പാലരുവി വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളിലൂടെ 80,000ത്തോളം രൂപയുടെ വരുമാനമാണ് ദിവസവും വനം വകുപ്പിന് ലഭിക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുമ്പ് 1.50 ലക്ഷം രൂപയിൽ അധികം വരുമാനം ലഭിച്ചിരുന്നു.
ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അബ്ജു