v
ആനയടി പാലത്തിന് സമീപം കൊല്ലം തേനീ ദേശീയ പാതയതിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന കൂറ്റൻമരം

ശാസ്താംകോട്ട: കൊല്ലം - തേനി ദേശീയപാതയിലെ ചക്കുവള്ളി - താമരക്കുളം റോഡ് അപകടമേഖലയാകുന്നു. ഇതുവഴി സഞ്ചരിക്കുന്ന ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. വിവിധ അപകടങ്ങളിലായി പത്തുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. റോഡും ഇരുവശങ്ങളും തമ്മിലുള്ള ഉയര വ്യത്യാസമാണ് അപകടങ്ങൾ സംഭവിക്കാനുള്ള പ്രധാന കാരണം..

ദേശീയപാതയുടെ നിലവാരമോ വീതിയോ റോഡിനില്ലാത്തതിനാലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. വീതികുറഞ്ഞ റോഡിലൂടെ വാഹനങ്ങൾ അമിതവേഗതയിൽ പായുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കിലോമീറ്ററിന് കോടികൾ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെയായിരുന്നു നവീകരണം. നവീകരണം പൂർത്തിയായതോടെ റോഡിന്റെ ഉയരം കൂടി. റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതിനാൽ അപകടങ്ങൾ പതിവായി.

അപകടഭീഷണിയായി മരങ്ങളും വൈദ്യുത പോസ്റ്റുകളും

ചക്കുവള്ളി മുതൽ വയ്യാങ്കരവരെ റോഡിന്റെ ഇരുവശങ്ങളിലും നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ചുവട് ദ്രവിച്ചതും അല്ലാത്തതുമായ നിരവധി മരങ്ങൾ റോഡിനോട് ചേർന്നാണ് സ്ഥതി ചെയ്യുന്നത്. റോഡ് നവീകരിച്ചെങ്കിലും വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിട്ടില്ല. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്നും വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അപകട വളവുകളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല.