 
കൊട്ടാരക്കര: ശിവഗിരി തീർത്ഥാടന പദയാത്രാ സമിതിയുടെ നേതൃത്വത്തിൽ 24ന് നാഗമ്പടം മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെട്ട ശിവഗിരി തീർത്ഥാടന പദയാത്രക്ക് എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ആർ. ശങ്കർ സ്മാരക യൂണിയൻ വരവേൽപ്പ് നൽകി. ഇന്നലെ വൈകിട്ട് മൂന്നരയോടെ കൊട്ടാരക്കര യൂണിയൻ അതിർത്തിയായ ഏറത്തു കുളക്കട പുത്തൂർ മുക്കിലെത്തിയ പദയാത്രയെ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ സ്വീകരിച്ചു. പദയാത്രാ ക്യാപ്റ്റൻ വിജകുമാറിനെ യൂണിയൻ, ശാഖാഭാരവാഹികൾ ഹാരാർപ്പണം നടത്തി.
കൊട്ടാരക്കര യൂണിയൻ അതിർത്തികളിലൂടെ കടന്നുപോകുന്ന പദയാത്രാ സംഘത്തിന് ഇന്ന് വിവിധ ശാഖകളിൽ സ്വീകരണം നൽകും. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ, യോഗം ബോർഡ് മെമ്പർമാരായ അഡ്വ.പി.സജീവ്ബാബു,
അഡ്വ. എൻ. രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, യൂണിയൻ കൗൺസിലർമാരായ കുടവട്ടൂർ രാധാകൃഷ്ണൻ, ശശിധരൻ എന്നിവർ പദയാത്രാ സംഘത്തെ അനുഗമിച്ചു. ഏറത്തു കുളക്കട ശാഖാ പ്രസിഡന്റ പി.എസ്. സദാശിവൻ സെക്രട്ടറി പി.എ. ഷാലു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് പൂവറ്റൂർ ശാഖയിൽ നൽകിയ സ്വീകരണത്തിൽ ശാഖാ പ്രസിഡൻറ് ഉദയൻ സെക്രട്ടറി സുജിത് എന്നിവർ പദയാത്രയെ സ്വീകരിച്ചു.1725ാം നമ്പർ പെരുങ്കുളം ശാഖയിലെ സ്വീകരണത്തിന് ശാഖാ പ്രസിഡൻറ് വാസുദേവൻ, സെക്രട്ടറി ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.പള്ളിക്കൽ ശാഖയിലെ സ്വീകരണത്തിന് ശേഷം പദയാത്രാ സംഘം കൊട്ടാരക്കര താലൂക്ക് യൂണിയൻ മന്ദിരത്തിൽ യാത്ര അവസാനിപ്പിച്ചു. ഇന്ന് രാവിലെ യൂണിയൻ മന്ദിരത്തിൽ നിന്ന് പുറപ്പെടുന്ന പദയാത്ര കൊട്ടാരക്കര ടൗൺ ശാഖ, നീലേശ്വരം ശാഖ,
ഈലിയോട്, ഇടയ്ക്കിടം, കടയ്ക്കോട്, മാരൂർ, കുടവട്ടൂർ, കട്ടയിൽ, ഓടനാവട്ടം, പരുത്തിയറ എന്നീ ശാഖകളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം വെളിയം സെൻട്രൽ ശാഖയിൽ എത്തിച്ചേരും.