കൊല്ലം: വൃശ്ചിക വിളക്കിനോടനുബന്ധിച്ച് കഞ്ഞിസദ്യ നടത്തുന്നതിനിടെ ഭക്തിഗാനത്തിന് പകരം സിനിമാ ഗാനം കേൾപ്പിക്കാൻ ആവശ്യപ്പെട്ടത് നിരസിച്ചതിനെ തുടർന്ന് അച്ഛനെയും മകനെയും കുത്തി പരിക്കേൽപ്പിച്ച യുവാവ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. പനയം ചോനംചിറ ബാബു ഭവനിൽ ബൈജുവാണ് (37) പിടിയിലായത്. കഴിഞ്ഞദിവസം പനയത്തായിരുന്നു സംഭവം. അയ്യപ്പഭക്തിഗാനം മാറ്റി സിനിമാ ഗാനം ഇടാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ച, കമ്മിറ്റി ചുമതലക്കാരനായ സുജിത്തിനെ ഇയാൾ സോഡ കുപ്പി ഉടച്ച് കുത്തുകയായിരുന്നു. തടസം പിടിക്കാനെത്തിയ സുജിത്തിന്റെ പിതാവിനെയും കുത്തി പരിക്കേൽപ്പിച്ചു. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ശ്യാം, ഹരികുമാർ, സിറാജുദ്ദീൻ, സി.പി.ഒ സുനിൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.