elei

കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ വിഭാവനം ചെയ്യുന്ന എലിവേറ്റഡ് ഹൈവേയ്ക്കെതിരെ സേവ് കരുനാഗപ്പള്ളി ഫോറത്തിന്റെ നേതൃത്വത്തിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ടൗണിൽ ഒരു കിലോമീറ്ററോളം നീളത്തിൽ ഫ്ലൈഓവർ നിർമ്മിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അവസാന അലൈൻമെന്റിൽ നഗരത്തിലെ ഹൃദയഭാഗത്ത് റോഡിന് കിഴക്കും പടിഞ്ഞാറും കോൺക്രീറ്റ് മതിലുകൾ ഉയർത്തി തെക്ക് വടക്ക് ദിശയിൽ മണ്ണ് നിറച്ച് അതിനു മുകളിൽ നിർമ്മിക്കുന്ന എലിവേറ്റഡ് ഹൈവേ എന്ന ആശയമാണ് നടപ്പിലാക്കാൻ പോകുത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് സേവ് കരുനാഗപ്പള്ളി ഫോറം ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് സേവ് കരുനാഗപ്പള്ളി ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് റാലിയും കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസിനു മുമ്പിൽ ജനകീയ സമര പ്രഖ്യാപന കൺവൻഷനും സംഘടിപ്പിക്കും. മുൻ എം.എൽ.എ ആർ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമരപ്രഖ്യാപന കൺവെൻഷൻ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യപ്രഭാഷണം നടത്തും. സേവ് കരുനാഗപ്പള്ളി ഫോറം ചെയർമാൻ കെ. ജെ. മേനോൻ, ജനറൽ കൺവീനർ അഡ്വ. സുധീർകാരിക്കൽ, ബാബു പുളിമൂട്ടിൽ, സുധീർ ചോയ്സ്, ഡോ. ടി. എസ്. സലീം, അഡ്വ. സുഭാഷ് ചന്ദ്രൻ, മുനീർ വേലിയിൽ, ശ്രീജിത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.