കൊല്ലം: നരേന്ദ്രമോദിയും പിണറായി വിജയനും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അക്കാര്യത്തിൽ ഇരുവരും ഒരേ തൂവൽ പക്ഷികളാണെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ 137-ാമത് സ്ഥാപക ദിനത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യധാരണ പലേടത്തുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രനും പിണറായി വിജയനും തമ്മിൽ ഉടലെടുത്ത രഹസ്യ ധാരണ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിച്ചു. ഇതാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ ധാരണ തുടരാനാണ് സാദ്ധ്യത. മഞ്ചേശ്വരത്ത് നിന്ന് സുരേന്ദ്രനെ നിയമസഭയിൽ എത്തിക്കാൻ പിണറായി ശ്രമിച്ച വിവരം സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് പോലും അറിയാമെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ്മ തമ്പാൻ, നേതാക്കളായ എ. ഷാനവാസ്ഖാൻ, എൻ. അഴകേശൻ, കെ.സി. രാജൻ, ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, ആർ. ചന്ദ്രശേഖരൻ, എഴുകോൺ നാരായണൻ, കെ. ബേബിസൺ, പി. ജർമ്മിയാസ്, സൂരജ് രവി, എൽ.കെ. ശ്രീദേവി, ബിന്ദുജയൻ, തൊടിയൂർ രാമചന്ദ്രൻ, നടുക്കുന്നിൽ വിജയൻ, കെ. സുരേഷ്ബാബു, എ.കെ. ഹഫീസ് തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ സ്വാഗതവും ജനറൽ സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ മുല്ലപ്പള്ളി മുൻ ഡി.സി.സി പ്രസിഡന്റുമാരെ ആദരിക്കുകയും കെ.പി.സി.സിയുടെ 137 രൂപ ചലഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.