t
ഇന്ദിരക്കുട്ടി ടീച്ചർ

കൊല്ലം: തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ മകൾ മയ്യനാട് തോപ്പിൽ വീട്ടിൽ കെ. ഇന്ദിരക്കുട്ടി (86) അന്തരിച്ചു. ഇന്നലെ രാവിലെ 9ന് മയ്യനാട്ടെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായിരുന്നു. 1998-2000ത്തിൽ മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ്, പ്രഥമ കൊല്ലം ജില്ലാ കൗൺസിലിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ, കേരള മഹിളാ സംഘം മണ്ഡലം പ്രസിഡന്റ്, മയ്യനാട് ആർ.സി ബാങ്ക് ഭരണസമിതി അംഗം, സി.പി.ഐ മയ്യനാട് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മയ്യനാട് വെള്ളമണൽ സ്കൂൾ,​ തിരുവനന്തപുരം ബാർട്ടൺ ഹിൽ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. വിമൻസ് കോളേജിൽ നിന്ന് ബി.എസ്സി വിജയിച്ചു. വർക്കല നെടുങ്കണ്ട കോളേജിൽ നിന്ന് ബി.എഡ് നേടിയശേഷം അദ്ധ്യാപികയായി. 1990ൽ വിരമിച്ചശേഷമാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്. മയ്യനാട്ടെ സാംസ്കാരിക പ്രസ്ഥാനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു.

'കേരളകൗമുദി' സ്ഥാപകൻ സി.വി. കുഞ്ഞുരാമന്റെ മകൾ പരേതയായ കെ. വാസന്തിയാണ് അമ്മ. പരേതനായ അനി​ ദാമോദരൻ (എസ്.ബി​.ഐ) ഭർത്താവ്. പരേതനായ രഞ്ജിത്ത്, മിനി ബൈജു (മൃഗസംരക്ഷണവകുപ്പ്) എന്നിവർ മക്കൾ. കൗമുദി ബാലകൃഷ്ണന്റെ മകൻ പരേതനായ ബൈജു ബാലകൃഷ്ണൻ (റബർ ബോർഡ്) മരുമകനാണ്. പരേതരായ കെ. രവീന്ദ്രനാഥ്, കെ. ബാലകൃഷ്ണൻ (കൗമുദി ബാലകൃഷ്ണൻ), കെ. ഭദ്രൻ, അയിഷ രാജൻ എന്നിവർ സഹോദരങ്ങളാണ്. ഇന്നലെ വൈകിട്ട് 5ന് വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഭൗതികദേഹം തോപ്പിൽവീട്ടിൽ സംസ്കരിച്ചു.