photo
പുത്തൂർ ചന്ത

കൊല്ലം: പദ്ധതിയും തുകയുമായിട്ടും പുത്തൂർ ചന്തയുടെ ഹൈടെക് വികസനത്തിന് ഇനിയും തുടക്കമായില്ല. ചന്തയുടെ പ്രവർത്തനം മാറ്റി സ്ഥാപിക്കുന്നതിലെ തടസമാണ് കീറാമുട്ടിയായി നിൽക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ ചന്ത സന്ദർശിച്ചതോടെയാണ് വികസന പദ്ധതികൾക്ക് രൂപം നൽകിയതും തുക അനുവദിച്ചതും. എന്നാൽ,​ നിർമ്മാണം തുടങ്ങാനായി നൂറ്റാണ്ടുകളായി ഇവിടെ പ്രവർത്തിക്കുന്ന ചന്ത മറ്റൊരിടത്തേക്ക് മാറ്റാനായി കുളക്കട ഗ്രാമപഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇവിടെ നിന്ന് മാറ്റാതെ പുതിയ കെട്ടിടങ്ങളുടേതടക്കം നിർമ്മാണം തുടങ്ങാനുമാകില്ല. ഒക്ടോബർ രണ്ടാം വാരത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിൽ പുത്തൂരിൽ യോഗം ചേർന്ന് ചന്ത മാറ്റി പ്രവർത്തിപ്പിക്കുന്നതിന് ധാരണയുണ്ടാക്കിയിരുന്നു. മൂന്ന് മാസത്തോടടുക്കുമ്പോഴും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കുളക്കട പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കിഴക്കേ ചന്തയിലേക്ക് മാറ്റാമെന്ന കാര്യത്തിലും ആലോചനയുണ്ടായെങ്കിലും മത്സ്യവും മറ്റും വിപണനം നടത്താനും മാലിന്യം സംസ്കരിക്കാനും ഇവിടം ബുദ്ധിമുട്ടാകും. സ്വകാര്യ ഭൂമികളിലേക്ക് മാറ്റിയാൽ കച്ചവടം നടക്കില്ലെന്നാണ് വ്യാപാരികളുടെ ആശങ്ക. ഇക്കാര്യത്തിൽ വീണ്ടും യോഗം ചേരേണ്ടി വരും.

ചന്തയുടെ പ്രവർത്തനം കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുകയാണ്. മലിനജലം വഴിയിലൂടെ ഒഴുകിപ്പരക്കുന്നു. മാലിന്യ സംസ്കരണ സംവിധാനങ്ങളെല്ലാം താളം തെറ്റി. അടുക്കും ചിട്ടയുമില്ലാത്ത വ്യാപാര സ്ഥാപനങ്ങൾ തലവേദനയായി. പൊതുജനങ്ങൾ ചന്തയിലേക്ക് കടക്കാൻ തീർത്തും മടിക്കുകയാണ്.

കിഫ്ബിയിൽ നിന്ന് 2.56 കോടി രൂപയാണ് പുത്തൂർ ചന്തയുടെ ഹൈടെക് വികസനത്തിനായി അനുവദിച്ചത്. ഇരുപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കുകയാണ് ലക്ഷ്യം. തീരദേശ വികസന കോർ‌പ്പറേഷനാണ് പദ്ധതിയുടെ നിർവഹണ ചുമതല.

മാലിന്യ പ്ളാന്റ് സ്ഥാപിക്കും...

1. മലിനജലം സംസ്കരിച്ച് ശുദ്ധീകരിക്കുന്ന പ്ളാന്റ്

2.ഖരമാലിന്യ സംസ്കരണ പ്ളാന്റ്

3.ഖരമാലിന്യ പ്ളാന്റിൽ നിന്ന് ചന്തയിലേക്കാവശ്യമായ വൈദ്യുതി ഉത്പാദനം

4.ശുദ്ധജല സംവിധാനങ്ങൾ

5.ഇരുചക്ര വാഹന പാർക്കിംഗ് സൗകര്യം

6. 27 മത്സ്യ വില്പന കൗണ്ടറുകൾ

7.19 കടമുറികൾ

8. കോഴിയിറച്ചി കൗണ്ടർ

9. മാട്ടിറച്ചി കൗണ്ടർ

10. ഫ്രീസർ കം പ്രിപ്പറേഷൻ റൂം

11.സ്ത്രീകൾക്കും പുരുഷൻമാർക്കും രണ്ട് ടോയ്ലറ്റുകൾ വീതം

12.ജനറൽ കൗണ്ടർ