
അഞ്ചൽ: എം.സി റോഡിൽ പൊലിക്കോടും പരിസരത്തും പേപ്പട്ടി ശല്യം രൂക്ഷം. പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ പത്രം ഏജന്റ് മധുധരൻ പിള്ള ഉൾപ്പെടെ പത്തോളം പേർക്കാണ് കടിയേറ്റത്. പത്രവിതരണത്തിനിടെയാണ് മധുധരൻ പിള്ളയ്ക്ക് നേരെ പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മിക്കവരും. വയയ്ക്കൽ ഭാഗത്ത് നിന്ന് പാഞ്ഞു വന്ന പേപ്പട്ടി കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. കടിയേറ്റവരെ കൊട്ടാരക്കര, പുനലൂർ താലൂക്കാശുപത്രികളിലെത്തിച്ച് കുത്തിവയ്പിന് വിധേയരാക്കി. ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം അടുത്തകാലത്തായി വർദ്ധിച്ചുവരികയാണെന്നും നിയന്ത്രിക്കാൻ പഞ്ചായത്തധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.