അരക്കോടി മുടക്കി വാങ്ങിയ മോട്ടോറുകൾ നോക്കുകുത്തി
ചാത്തന്നൂർ: വെള്ളം വറ്റിക്കൽ പൂർത്തിയാവാത്തതിനെത്തുടർന്ന് പോളച്ചിറ ഏലായിൽ ഈ വർഷവും പുഞ്ചക്കൃഷി മുടങ്ങാൻ സാദ്ധ്യത. ഇതോടെ നൂറുകണക്കിന് കർഷകരും കർഷക തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ആശങ്കയിലായി.
കൃഷിയിറക്കാൻ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിനൽകാമെന്ന് ഏലാ സമിതി രൂപീകരിക്കവേ ത്രിതല പഞ്ചായത്ത് ഭരണസമിതികൾ ഉറപ്പു നൽകിയിരുന്നു. എന്നാൽ വാഗ്ദാനം വാക്കിലൊതുങ്ങി. ആവശ്യമായ തുക വകയിരുത്തിയില്ല.
എങ്കിലും കൃത്യ സമയത്ത് കൃഷി ഇറക്കണമെന്ന ലക്ഷ്യത്തോടെ ഏലാ സമിതിയുടെ നേതൃത്വത്തിൽ 2.5 ലക്ഷത്തോളം രൂപ കടം വാങ്ങി വെള്ളം വറ്റിച്ചു തുടങ്ങിയിരുന്നു. പക്ഷേ, സമിതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വറ്റിക്കൽ നിറുത്തേണ്ടിവന്നു. പെട്ടിക്കും പറയ്ക്കും പകരം വെള്ളം വറ്റിക്കാനായി, ഉയർന്ന ശേഷിയുള്ള മോട്ടോറുകൾ എം.എൽ.എ ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് ഇതുവരെ കമ്മിഷൻ ചെയ്തിട്ടില്ല. എത്രയും വേഗം വെള്ളം വറ്റിക്കൽ പൂർത്തിയായെങ്കിൽ മാത്രമേ ജനുവരിയിൽ കൃഷിയിറക്കി അടുത്ത കാലവർഷത്തിന് മുമ്പായി വിളവെടുപ്പ് പൂർത്തിയാക്കാനാവൂ.
എല്ലാ വർഷവും പെട്ടിയും പറയും അറ്റകുറ്റപ്പണി നടത്താനായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ തുക വകയിരുത്തുമായിരുന്നു. ഇത്തവണ അതുമുണ്ടായില്ല. ചിറക്കര ഗ്രാമ പഞ്ചായത്ത് പമ്പ് സെറ്റ് ഓപ്പറേറ്റർമാർക്കും വിത്തിനും വളത്തിനുമുള്ള തുച്ഛമായ തുക മാത്രമാണ് വകയിരുത്തിയത്. പുഞ്ചയിൽ നിന്ന് വർഷം തോറും ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം ലേലത്തിലൂടെ വിൽക്കുന്ന ചിറക്കര ഗ്രാമ പഞ്ചായത്ത്, ഇങ്ങനെ ലഭിക്കുന്ന തുകയുടെ പകുതിയെങ്കിലും പുഞ്ചക്കൃഷിക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ വിനിയോഗിക്കാത്തത് കാർഷിക മേഖലയോടുള്ള കടുത്ത അവഗണയാണെന്ന് കർഷകർ ആരോപിക്കുന്നു.
എക്കലും ചെളിയും അടിഞ്ഞു
ശക്തമായ കാലവർഷം മൂലം പോളച്ചിറ ഏലായിലെ പുറമ്പോക്ക് തോടുകൾ എക്കലും മണലും ചെളിയും കൊണ്ട് നിറഞ്ഞതിനാൽ ചിറക്കര, ഉളിയനാട്, കുഴുപ്പിൽ, ചിറക്കരത്താഴം തുടങ്ങിയ ഇരുപ്പൂ കൃഷി ചെയ്യുന്ന ഏലാകളിലെ വെള്ളം ഒഴുകിപ്പോകുന്നില്ല. വെള്ളക്കെട്ടായി മാറിയിരിക്കുന്ന ഇവിടങ്ങളിൽ കൃഷി ചെയ്യാനാവാത്ത അവസ്ഥയാണ്. അടിയന്തരമായി പോളച്ചിറ ഏലായിലെ തോടുകളിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. മത്സ്യ ലേലത്തിലൂടെ പഞ്ചായത്തിന് ലഭിച്ച തുക അഡ്വാൻസായി ഏലാ സമിതിക്ക് കൈമാറണമെന്നും കർഷകർ ആവശ്യപ്പെടുന്നു.