tank

കുന്നത്തൂർ : മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു.

സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി 5.1 കോടി രൂപ ചെലവിട്ടുള്ള ഉപരിതല ജല സംഭരണിയുടെ നിർമ്മാണം മൈനാഗപ്പള്ളി പൊതുമാർക്കറ്റിൽ പുരോഗമിക്കുകയാണ്. ശാസ്താംകോട്ട ജലശുദ്ധീകരണശാലയിൽ നിന്ന് വലിയ പൈപ്പുകൾ സ്ഥാപിച്ചാണ് ജലം മൈനാഗപ്പള്ളിയിൽ എത്തിക്കുന്നത്.

എം.എൽ.എ ഫണ്ട്,​ ഗ്രാമ പഞ്ചായത്ത് ഫണ്ട് എന്നിവയിൽ നിന്ന് 50 ലക്ഷം വീതം ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിട്ട് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ ജൂലായ് തന്നെ പൂർത്തിയായിരുന്നു.

ജലസംഭരണിയുടെ നിർമ്മാണവും 40 ശതമാനം കഴിഞ്ഞു. 2022 ജൂലായ് മാസത്തിൽ ജലസംഭരണി നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ശാസ്‌താംകോട്ട ഫിൽറ്റർ ഹൗസ് പൂർണമായും സോളാർ പാനൽ സ്ഥാപിക്കും. 40 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റുകൾ സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ട്. പദ്ധതിയുടെ ഗുണഫലം മൈനാഗപ്പള്ളി പഞ്ചായത്തിലെ 22 വാർഡിലും ഒരുപോലെ ലഭ്യമാകും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, പഞ്ചായത്ത് അംഗങ്ങൾ, ജല അതോറിട്ടി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം പദ്ധതിയുടെ പുരോഗതി വിലയിരുത്തി.