photo
വറ്റി വരണ്ട് തുടങ്ങിയ തഴത്തോടുകൾ

 വാട്ടർ അതോറിട്ടിയുടെ വെള്ളം വല്ലപ്പോഴും മാത്രം

കരുനാഗപ്പള്ളി: വേനൽ കടുത്തു തുടങ്ങി​യതോടെ തോടുകളും കി​ണറുകളും വറ്റി​ത്തുടങ്ങി​യതി​നാൽ കരുനാഗപ്പള്ളി​യി​ലെ കായൽ തീരങ്ങളിൽ ജനം കുടി​വെള്ളത്തി​നായി​ നെട്ടോട്ടമോുന്നു. മോട്ടോറി​ന്റെ ശേഷി​ക്കുറവു കാരണം ഓച്ചി​റ കുടി​വെള്ള പദ്ധതി​യി​ൽ നി​ന്നുള്ള പ്രതി​ദി​ന പമ്പിംഗ് പാതി​യായി​ കുറഞ്ഞതും ശുദ്ധജലക്ഷാമം രൂക്ഷമാക്കി​.

രണ്ടാഴ്ച മുമ്പ് വരെ ജലസമൃദ്ധമായിരുന്നു തോടുകൾ പലതും. കിണറുകളിലെ ജലനിരപ്പ് അവസാനത്തെ തൊടി​കളി​ലേക്ക് താഴ്ന്നി​ട്ടുണ്ട്. വാട്ടർ അതോറി​ട്ടി​യുടെ പൈപ്പിലൂടെ കുടിവെള്ളം എത്തുന്നത് വല്ലപ്പോഴും മാത്രമായി​. വേനൽ തീവ്രമാകുന്നതോടെ കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത ഇനി​യും കൂടും. നഗരസഭയി​ൽ നി​ന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ടാങ്കർ ലോറികളിൽ എത്തിക്കുന്ന കുടിവെള്ളത്തെ ആശ്രയിച്ചാണ് നി​ലവി​ൽ ജനജീവിതം മുന്നോട്ടു പോകുന്നത്. വേനൽ ശക്തമാവുമെന്നത് മുൻകൂട്ടി​ക്കണ്ട് അടി​യന്തര നടപടി​ സ്വീകരി​ക്കണമന്നൊണ് ജനങ്ങളുടെ ആവശ്യം. മുൻവർഷങ്ങളി​ൽ വേനൽ കഠി​നമായപ്പോഴാണ് അധി​കൃതർ പരി​ഹാരമാർഗം ആലോചി​ച്ചതെന്നും നാട്ടുകാർ ആരോപി​ക്കുന്നു.

# ആശ്രയം ഓച്ചിറ കുടിവെള്ള പദ്ധതി

ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് ക്ലാപ്പന, ഓച്ചിറ, ആലപ്പാട് ഗ്രാമപഞ്ചായത്തുകളിലും കരുനാഗപ്പള്ളി നഗരസഭയി​ലും വിതരണം ചെയ്യുന്നത്. കായൽ തീരങ്ങളിൽ താമസി​ക്കുന്നവർ പൂർണ്ണമായും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇവി​ടങ്ങളി​ൽ ഇപ്പോൾ രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് ടാങ്കറുകളിൽ വെള്ളം എത്തി​ക്കുന്നതെന്നും പരാതി​യുണ്ട്. ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനായ കണ്ടിയൂർക്കടവിൽ മോട്ടോർ മാറ്റുന്ന പ്രവൃത്തി​കൾ ഏതാനും മാസമായി​ നടക്കുകയാണ്. അതുകൊണ്ടുതന്നെ പമ്പിംഗിൽ തടസം ഉണ്ടാകാറുണ്ട്. ഇത് കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുന്നു.

# കുഴൽക്കിണറുകൾ പൂട്ടി

ഓച്ചിറ കുടിവെള്ള പദ്ധതി നിലവിൽ വന്നതോടെ 13 കുഴൽക്കിണറുകളാണ് വാട്ടർ അതോറിട്ടി അടച്ചു പൂട്ടിയത്. ഇതെല്ലാം പിന്നീട് കോൺക്രീറ്റിട്ട് മൂടുകയും ചെയ്തു. കുഴൽക്കിണറുകൾ സംരക്ഷിച്ചിരുന്നെങ്കിൽ കായൽ തീരങ്ങളിൽ കുടിവെള്ള ക്ഷാമം ഉണ്ടാകില്ലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കുലശേഖരപുരം, തൊടിയൂർ, തഴവ ഗ്രാമപഞ്ചായത്തുകളിൽ കുഴൽക്കിണർ വെള്ളം ഉപയോഗിച്ചാണ് കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നത്. കുടിവെള്ളം ആവശ്യമുള്ള ഗ്രാമപഞ്ചായത്തുകൾ വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെടണമെന്നാണ് അധികൃതർ അറിയിക്കുന്നത്.

.............................

 മുമ്പ് പ്രതിദിനം പമ്പ് ചെയ്തിരുന്നത് 15,000 ലിറ്റർ വെള്ളം

 ഇപ്പോൾ വിതരണം ചെയ്യുന്നത് 8,000 ലിറ്റർ

 മോട്ടോറിന്റെ ശക്തി കുറഞ്ഞത് പ്രധാന കാരണം

 പുതുതായി സ്ഥാപിക്കുന്നത് 300 കുതിരശക്തിയുള്ള 2 മോട്ടോറുകൾ

 അടുത്ത മാസം പമ്പിംഗ് പൂർണതോതിലാവുമെന്ന് പ്രതീക്ഷ

.......................................