
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സിയുടെ അശാസ്ത്രീയ ഷെഡ്യൂൾ ഓപ്പറേഷൻ സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. തിരക്കുള്ള സമയത്ത് ഓർഡിനറി സർവീസുകൾ റദ്ദാക്കി പരമാവധി ഫാസ്റ്റ് പാസഞ്ചറുകളാണ് ഒാടിക്കുന്നത്. ഇതുമൂലം നിർദ്ധനരും തൊഴിലാളികളുമായ യാത്രക്കാർ എട്ടുരൂപയ്ക്ക് പകരം 19 രൂപ കൊടുത്ത് യാത്ര ചെയ്യേണ്ട ഗതികേടിലാണ്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് കൊല്ലം - പുനലൂർ റൂട്ടിലെ യാത്രക്കാരാണ്. രാവിലെ ആറരയ്ക്കും ഒൻപതരയ്ക്കും ഇടയിലും വൈകിട്ട് അഞ്ചു മണിക്കും ഏഴുമണിക്കും ഇടയിലും കൊല്ലം - പുനലൂർ റൂട്ടിൽ ഓർഡിനറി ബസുകൾ ഉണ്ടാകാറില്ല. പ്രതിദിനം ഇരുന്നൂറും ഇരുന്നൂറ്റി അമ്പതും രൂപ ശമ്പളത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന വനിതാതൊഴിലാളികളാണ് അശാസ്ത്രീയ ഷെഡ്യൂൾ ഓപ്പറേഷന്റെ പ്രധാന ഇരകൾ.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടി സംവിധാനം നിറുത്തലാക്കി സിംഗിൾ ഡ്യൂട്ടിയാക്കിയതാണ് ഓർഡിനറി ബസ് സർവീസുകൾ കുറയാൻ കാരണം. തിരക്കുള്ള സമയത്ത് സാധാരണക്കാർക്ക് സഹായകരമാകുന്ന രീതിയിൽ പരമാവധി ഓർഡിനറി ബസ് സർവീസുകൾ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.