photo
ചരിത്ര സ്മാരകമായ പുനലൂർ തൂക്ക് പാലത്തിനും, സമീപത്തെ വലിയ പാലത്തിനും ഇടയിൽ നിന്നും കൂറ്റൻ കാട് വളർന്ന് ഉയർന്ന നിലയിൽ

വെട്ടിമാറ്റാൻ തയ്യാറാവാതെ അധികൃതർ

പുനലൂർ:ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലത്തോട് ചേർന്ന് വളരുന്ന കുറ്റിക്കാടും വള്ളിപ്പടർപ്പും സഞ്ചാരികൾക്ക് ഭീഷണിയാവുന്നു. നഗരമദ്ധ്യത്തിലൂടെ കടന്നുപോകുന്ന കല്ലടയാറ്റിൽ സ്ഥിതിചെയ്യുന്ന തൂക്കുപാലത്തിനും വലിയ പാലത്തിനും ഇടയിലുള്ള സ്ഥലമാണ് കാടുപിടിക്കുന്നത്.

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തൂക്കുപാലത്തിൽ വിനോദ സഞ്ചാരികളുടെ തിരക്കാണിപ്പോൾ. കാട് വളർന്ന് പാലത്തിന്റെ ഇരുമ്പ് കൈവരിയിൽ വരെയെത്തിയിട്ടും ഇത് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാവുന്നില്ല. രണ്ട് പാലങ്ങളുടെയും മദ്ധ്യത്തെ ആറ്റു തീരത്ത് നിന്നാണ് കാട്ടുചെടികൾ വളർന്നുയർന്നത്. ഇതിനൊപ്പം പലത്തിൻെറ അടിഭാഗവും കാടുമൂടിയ അവസ്ഥയിലാണ്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് തൂക്കുപാലം. കൊവിഡ് വ്യാപനങ്ങളെ തുടർന്ന് അടച്ചു പൂട്ടിയ പാലം രണ്ടുമാസം മുമ്പാണ് തുറന്നത്. കരിങ്കല്ലിൽ നിർമ്മിച്ച ആർച്ചുകളും പതിയെ കാടുമൂടുകയാണ്. പാലത്തിൻെറ കൈവരികളിൽ പിടിച്ചു നിന്നാണ് കല്ലടയാറിൻെറ ദൃശ്യ ഭംഗി സഞ്ചാരികൾ ആസ്വദിക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ചരിത്ര സ്മാരകമായ തൂക്ക് പാലം സന്ദർശിച്ച ശേഷമാണ് കിഴക്കൻ മലയോര മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാൻ സഞ്ചാരികൾ പോകുന്നത്. കൊല്ലത്തിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം, തൃശൂർ, ഇടുക്കി തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നുളള വിനോദസഞ്ചാരികളും തൂക്കു പാലം സന്ദർശിക്കാൻ എത്തുന്നുണ്ട്.

 വിദേശികളുടെയും ഇഷ്ടപാലം

കൊവിഡ് വ്യാപനത്തിനു മുമ്പ് വിദേശ വിനോദസഞ്ചാരികൾ വരെ പുനലൂരിലെ തൂക്കു പാലം കാണാൻ എത്തിയിരുന്നു.കാട് വളർന്ന് ഉയർന്നതോടെ ഇവിടം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറുകയാണ്. മൂന്ന് വർഷം മുമ്പ്നവീകരിച്ച പാലത്തിന്റെ ആർച്ചുകളിലും മറ്റും ആൽമരങ്ങൾ വളരുന്നത് ബലക്ഷയത്തിനും കാരണമാവുമെന്ന് ആശങ്കയുണ്ട്. സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന തരത്തിൽ തൂക്കുപാലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് അധികൃതർ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രം.

.......................................

₹ 1.25 കോടി: പാലം നവീകരിക്കാൻ ചെലവായ തുക

.....................................

വിനോദ സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന പാലമാണ് പുനലൂർ തൂക്കുപാലം. പക്ഷേ, അധികൃതരുടെ അവഗണന മൂലം പാലം കാടുമൂടുമോ എന്നാണ് ആശങ്ക. ടൂറിസം സീസൺ പരിഗണിച്ചെങ്കിലും കാടും പടർപ്പും വെട്ടിമാറ്റാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാവണം

പ്രദേശവാസികൾ