 
കൊട്ടാരക്കര: പൊതിച്ചോർ മാത്രമായിരുന്നില്ല, ഉള്ളുനിറഞ്ഞ സ്നേഹം കൂടി വിളമ്പിയാണ് കോട്ടാത്തലയിലെ പാർട്ടി പ്രവർത്തകർ അനാഥാലയത്തിലെ അച്ഛനമ്മമാരെ സന്തോഷിപ്പിച്ചത്. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് തേവലപ്പുറം ലോക്കൽ കമ്മിറ്റിയിലെ കോട്ടാത്തല മരുതൂർ ബ്രാഞ്ചിലെ പ്രവർത്തകർ പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സ്നേഹം വിളമ്പിയത്. പൊതിച്ചോർ, ഉണ്ണിയപ്പം, അടപ്രഥമൻ, മധുര പലഹാരങ്ങൾ, വസ്ത്രങ്ങൾ എന്നിവയുമായാണ് പ്രവർത്തകർ സായന്തനത്തിലെത്തിയത്. കൂട്ടംകൂടിയിരുന്ന് വിശേഷങ്ങൾ പങ്കുവച്ചു. പാർട്ടി സമ്മേളനത്തിന്റെ വാർത്തകൾ പത്രങ്ങളിലൂടെ എന്നും കാണുന്നുണ്ടെന്ന് സായന്തനത്തിലെ അന്തേവാസികൾ പറഞ്ഞു.
തുടർന്ന് ശാസ്താംകോട്ട എം.ടി.എം.എം ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രചികിത്സാ ക്യാമ്പും സായന്തനത്തിൽ ഒരുക്കി. ഉണ്ണിയപ്പവും അടപ്രഥമനും വിതരണം ചെയ്തുകൊണ്ട് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ. എബ്രഹാം പരിപാടികൾ ഉദ്ഘാടനം ചെയ്തു. തേവലപ്പുറം ലോക്കൽ കമ്മിറ്റി അംഗം ബി.എസ്. ഗോപകുമാർ, മരുതൂർ(കുറവൻചിറ) ബ്രാഞ്ച് സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ഗീതാ ശശീന്ദ്രൻ, സെക്രട്ടറി സ്മിതാമോൾ, ലീജ സുരേഷ്, സുമ അശോക്, ബിൻസി അഭിരാജ് എന്നിവർ സംസാരിച്ചു. നേത്രചികിത്സാ ക്യാമ്പിൽ പങ്കെടുത്തവരിൽ എട്ടുപേർക്ക് ശസ്ത്രക്രിയാ സംവിധാനങ്ങൾ സൗജന്യമായി നടത്തുമെന്ന് ബ്രാഞ്ച് ഭാരവാഹികൾ അറിയിച്ചു.