chinju-
ജില്ലയെ സമ്പൂർണ ഭരണഘടന സാക്ഷരമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ചേർന്ന പ്രത്യേക ആസൂത്രണ സമിതി യോഗം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലയെ സമ്പൂർണ ഭരണഘടന സാക്ഷരത നേടിയ ജില്ലയാക്കി മാറ്റാൻ 'ദി സിറ്റിസൺ' യജ്ഞം നടത്തുന്നു. ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും കിലയും സംയുക്തമായി ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിപാടിയിലൂടെ ആഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ, സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ജില്ലയായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

പത്തുവയസിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനയെക്കുറിച്ച് ബോധവാന്മാരാക്കും. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കില പരിശീലനം നൽകുന്ന സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌കൂളുകൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രചാരണ, പരിശീലന പരിപാടികൾ നടത്തും. യജ്ഞത്തിന്റെ ഭാഗമായി വീടുകളിൽ പതിക്കുന്നതിന് ആകർഷകമായി അച്ചടിച്ച ഭരണഘടനയുടെ ആമുഖം എത്തിക്കുകയും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം കൈപ്പുസ്തകങ്ങൾ തയ്യാറാക്കി നൽകുകയും ചെയ്യും.

ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ചേർന്ന പ്രത്യേക ആസൂത്രണ സമിതി യോഗം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ, വൈസ് പ്രസിഡന്റ് സുമലാൽ, സെക്രട്ടറി കെ. പ്രസാദ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.