കരുനാഗപ്പള്ളി : കരുനാഗപ്പള്ളി അസംബ്ളി നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ ഗവ. ഐ.ടി.ഐ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻ കുട്ടിക്ക് സി.ആർ. മഹേഷ് എം.എൽ.എ കത്ത് നൽകി. ഐ.ടി.ഐ താത്കാലികമായി തുടങ്ങുന്നതിന് ആലപ്പാട് പഞ്ചായത്തിലെ സ്രായിക്കാട്ടെ റിസോർസ് സെന്റർ ഉപയോഗപ്പെടുത്താമെന്ന് മന്ത്രിക്ക് എം.എൽ.എ ഉറപ്പ് നൽകി. കെട്ടിടത്തിൽ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനും പുനരുദ്ധാരണത്തിനും വേണ്ടി 2020-21 വർഷത്തെ ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിക്കുകയും തുകയുടെ 20 ശതമാനം നീക്കി വയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണ്. ഉടനെ ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ തുക നഷ്ടപ്പെട്ട് പോകുമെന്നും എം.എൽ.എ അറിയിച്ചു.