 
കൊല്ലം : കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ വിമുക്തി ലൈബ്രറി ആൻഡ് കൗൺസലിംഗ് സെന്റർ, പഠനമുറി എന്നിവയുടെ ഉദ്ഘാടനം എം.എൽ.എമാരായ സി.ആർ. മഹേഷും സുജിത്ത് വിജയൻ പിള്ളയും ചേർന്ന് നിർവഹിച്ചു. പഠനമുറിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ
കോട്ടയിൽ രാജു നിർവഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വിമുക്തി പ്രസംഗ മത്സര വിജയികൾക്ക് കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഷൈനു തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സിന്ധു, ഡോ. സന്ദീപ്, പോച്ചയിൽ നാസർ, ഐ.ആർ.ഇ മാനേജർ അജി മേനോൻ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ റോബർട്ട്, റോട്ടറി ക്ലബ് അംഗം കെ. രാമചന്ദ്രൻപിള്ള, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ സജു, രാജു, സന്തോഷ്, വർഗീസ് എന്നിവർ സംസാരിച്ചു. എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നൻ സ്വാഗതവും വിമുക്തി കോ ഓർഡിനേറ്റർ പി.എൽ. വിജിലാൽ നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, ശൂരനാട് ടീം ഹാഗി യോസിന്റെ പാവ നാടകം എന്നിവയും നടന്നു.
എക്സൈസ് വകുപ്പ് നടപ്പിലാക്കിവരുന്ന ലഹരി വർജ്ജന മിഷൻ -വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് ലൈബ്രറിയും കൗൺസലിംഗ് സെന്ററും കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ ആരംഭിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള ലഹരിവിരുദ്ധ ക്ലബ് അംഗങ്ങളായ കുട്ടികൾക്ക് കൗൺസലിംഗ് സെന്ററിനോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള പഠനമുറിയിൽ നിന്ന് പുസ്തകം വീട്ടിൽ കൊണ്ടുപോയി വായിക്കാം.