 
കുന്നിക്കോട്: ആവണീശ്വരം നെടുവന്നൂരിൽ പ്രവർത്തിച്ചിരുന്ന ഫയർസ്റ്റേഷന് സ്വന്തമായി കെട്ടിടംനിർമ്മിക്കാൻ ആഭ്യന്തര വകുപ്പിൽ നിന്ന് അനുമതി ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും തുടർ നടപടികളുണ്ടാവുന്നില്ലെന്ന് ആക്ഷേപം. കെട്ടിടനിർമ്മാണത്തിന് 2.71 കോടി രൂപ അനുവദിച്ചെങ്കിലും ടെൻഡർ നടപടികൾ പോലും എങ്ങുമെത്താത്ത സ്ഥിതിയാണ്. 2022 മാർച്ചിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന ഫയർ സ്റ്റേഷന്റെ കെട്ടിടനിർമ്മാണമാണ് അനന്തമായി നീളുന്നത്.
ആവണീശ്വരം നെടുവന്നൂരിൽ പത്തനാപുരം ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത് 2015 ഡിസംബർ 31നാണ്. തലവൂർ ഗ്രാമ പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുന്നിക്കോട് - പത്തനാപുരം ശബരി ബൈപ്പാസ് പാതയിൽ ആവണീശ്വരം പാലത്തിനോട് ചേർന്നുള്ള ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ നിന്ന് മുപ്പത് സെന്റ് സ്ഥലമാണ് ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയത്. കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി മണ്ണുപരിശോധന അടക്കമുള്ള ജോലികൾ കഴിഞ്ഞെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്രമങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാത്തതിനാലാണ് നിർമ്മാണ പ്രവർത്തനം നീണ്ട് പോകുന്നതെന്ന് ആക്ഷേപമുണ്ട്. ടെൻഡർ നടപടി ആരംഭിക്കാനായി അറിയിപ്പ് ലഭിച്ചെങ്കിലും ഇതിന് മുൻപുള്ള ജോലികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.
പ്രവർത്തനം ആരംഭിച്ചത് 2015ൽ
നിർമ്മാണ തൊഴിലാളികൾക്കായി സ്ഥാപിച്ച താത്കാലിക ഷീറ്റ് മേഞ്ഞ ഷെഡിലായിരുന്നു 2015ൽ നെടുവന്നൂരിലെ ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. നാൽപ്പതോളം സേനാംഗങ്ങൾ രാപ്പകലില്ലാതെ ജോലി ചെയ്തത് ഈ ഷെഡിലായിരുന്നു. വിശ്രമിക്കാൻ സൗകര്യമില്ലാതെയും ശുചിത്വമുള്ള ടോയ്ലറ്റുകളുടെ അഭാവത്തിലും അഞ്ചു വർഷത്തോളം അവർ ഈ ദുരിതം അനുഭവിച്ചു. മഴക്കാലത്ത് വെള്ളംപൊങ്ങി തോട് കരകവിയുമ്പോൾ ഒഴുകിയെത്തുന്ന ഇഴജന്തുക്കളുടെ ശല്യം വേറെയും.
ഇത്തരം ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മേലധികാരികൾക്കും സ്ഥലം എം.എൽ.എയ്ക്കും നിരവധി പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതിയായത്. പഴയ ഷെഡ് പൊളിച്ചുമാറ്റി ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി 2021 ജൂൺ ഏഴിന് ഫയർ സ്റ്റേഷൻ കുന്നിക്കോട് കാവൽപ്പുരയിലുള്ള വാടകക്കെട്ടിടത്തിലേക്ക് മാറ്റി സ്ഥപിച്ചു.
അനുയോജ്യമായ സ്ഥലം
ആവണീശ്വരം തോടിനോടും വീതിയുള്ള പ്രധാനപാതയോടും ചേർന്നുള്ള സ്ഥലമായതിനാൽ ഫയർ സ്റ്റേഷന് അനുയോജ്യമായ ഇടമാണ് നെടുവന്നൂരിലേത്. എല്ലാ ദിശയിലേക്കും വേഗത്തിൽ എത്തിച്ചേരാനും ഫയർ എൻജിനുകളിൽ ആവശ്യത്തിന് വെള്ളം നിറയ്ക്കാനും എളുപ്പത്തിൽ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ആവണീശ്വരം ഫയർ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഡിസംബർ 31ന് ആറ് വർഷം പൂർത്തിയാകുമ്പോൾ സ്വന്തമായൊരു കെട്ടിടം എന്ന മോഹം അനിശ്ചിതമായി നീളുകയാണ്.
കെട്ടിടനിർമ്മാണത്തിന് അനുവദിച്ചത്: 2.71 കോടി രൂപ