puli-
കോന്നി ഫോറസ്റ്റ് ഡിവിഷനിലെ ജനവാസകേന്ദ്രത്തിൽ മുള്ളൻ പന്നിയുടെ കുത്തേറ്റ് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ തേവള്ളിയിലെ ജില്ലാ മൃ​ഗാശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോൾ

കൊല്ലം: കോന്നി ഫോറസ്റ്റ് ഡിവിഷനിലെ ജനവാസകേന്ദ്രത്തിൽ മുള്ളൻ പന്നിയുടെ കുത്തേറ്റ് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ തേവള്ളിയിലെ ജില്ലാ മൃ​ഗാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വലതു മുൻകാലിൽ പൂർണമായും കുത്തിക്കയറിയ 15 സെന്റീമീറ്റർ നീളമുള്ള മുള്ള് വെറ്ററിനറി സർജൻ ഡോ. സഞ്ജയ്‍യുടെ നേതൃത്വത്തിൽ പുറത്തെടുത്തു. ആറു മാസത്തോളം പ്രായമായ ആൺപുലിക്ക്‌ ആറു കിലോയിലധികം ഭാരമുണ്ട്.
പത്തനംതിട്ട ആങ്ങമൂഴി മുരിക്കിനിയിൽ സുരേഷിന്റെ വീട്ടിലെ ആട്ടിൻകൂട്ടിൽ ബുധനാഴ്ച രാവിലെ ഒൻപതിനാണ്‌ പുലിക്കുട്ടിയെ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും വനംവകുപ്പും ആർ.ആർ.പി സംഘവുമെത്തി വല വിരിച്ച് കൂട്ടിലാക്കുകയായിരുന്നു. റാന്നി ആർ.ആർ.പി ഓഫീസിലെത്തിച്ച പുലിയെ വനംവകുപ്പ് ഡോക്ടർ പരിശോധിച്ചു. തുടർന്നാണ് അടിയന്തര ചികിത്സയ്ക്കായി മികച്ച സൗകര്യങ്ങളുള്ള കൊല്ലം ജില്ലാ മൃ​ഗാശുപത്രിയിലേക്ക് രാത്രി ഏഴോടെ കൊണ്ടുവന്നത്. പുറമേ മറ്റ് പരിക്കുകളില്ല. എക്സ്‌റേയിലാണ് പൂർണമായും ഉള്ളിലേക്ക് കുത്തിക്കയറിയ മുള്ള് കണ്ടെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി മുള്ള്‌ പുറത്തെടുത്തു. നിരീക്ഷണത്തിന് ശേഷം കോന്നി ആനക്കൂട്ടിലെ വനംവകുപ്പിന്റെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.

രോഗം ദേഭമായ ശേഷം വനത്തിലേക്ക് തുറന്നുവിടുമെന്ന് ഗൂഡ്രിക്കൽ റെയ്ഞ്ച് ഓഫീസർ എസ്. മണി പറഞ്ഞു.

കോന്നി ഫോറസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മനോജ് കെ.ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ. അനീഷ്, ആൽവിൻ തോമസ്, രാകേഷ്, വാച്ചർ റോഷൻ എന്നിവരുടെ നേതൃത്വത്തിലാണ് പുലിയെ കൊല്ലം മൃ​ഗാശുപത്രിയിലേക്ക് എത്തിച്ചത്. ശസ്ത്രക്രിയയിൽ ഡോക്ടർമാരായ അജിത്, ഷീജ, ശ്യാം, റെജിൻ, സിബി, അലിഫ്ഷാ എന്നിവരും സഹായികളായ വിനോദ്, അജയൻ, ആൽഡുവിൻ, സന്ദീപ് എന്നിവരും പങ്കെടുത്തു.